പാലാ-പൊൻകുന്നം റോഡിൽ അപകടങ്ങൾ തുടർക്കഥ
പൊൻകുന്നം : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പാലാ-പൊൻകുന്നം റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് റോഡ് വീതികൂട്ടി ആധുനികരീതിയിൽ നവീകരിച്ചത് നാട്ടുകാർക്ക് ഏറെ ആഹ്ലാദകരമായിരുന്നു.
അന്താരാഷ്ട്ര നിലവാരമുള്ള റോഡ് നാടിന് സ്വന്തമായപ്പോൾ സുരക്ഷിതമായ യാത്രയാണ് അവർ സ്വപ്‌നം കണ്ടത്. എന്നാൽ അപകടങ്ങളിൽ മനുഷ്യജീവൻ പൊലിയുന്ന കാഴ്ചകളാണ് നാട്ടുകാർക്ക് കാണേണ്ടിവന്നത്. അമിത വേഗവും വളവുകളും അപകടങ്ങൾക്ക് കാരണമാകുന്നു. നിലവിലുണ്ടായിരുന്ന റോഡ് വീതികൂട്ടി ബി.എം. ബി.സി. രീതിയിൽ ആധുനികരീതിയിൽ ടാറിങ് നടത്തുകയായിരുന്നു. പാലാ മുതൽ പൊൻകുന്നം വരെ റോഡിൽ നിരവധി വളവുകളാണുള്ളത്. പൂവരണി ഭാഗത്ത് കഴിഞ്ഞ വർഷമുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു. പള്ളിക്കു സമീപമുള്ള വളവിന് തൊട്ടുതന്നെയാണ് മറ്റൊരു വളവും .
പരിചയം ഇല്ലാത്ത ആളുകൾ ഇതുവഴി വാഹനവുമായി വരുമ്പോൾ രണ്ടാമത്തെ വളവ് പെട്ടെന്ന് ശ്രദ്ധയിൽപെടാതെ വരുന്നതുമൂലം വാഹനത്തിന്റെ നിയന്ത്രണംവിട്ട് അപകടം ഉണ്ടാവുകയാണ് ചെയ്യുന്നത്.
പാലാ-പൊൻകുന്നം റോഡിൽ പൈക വരെ ഇത്തരത്തിൽ ഏഴോളം വളവുകളാണ് മരണക്കെണിയൊരുക്കുന്നത്. നല്ല നിലവാരത്തിലുള്ള റോഡിൽ അമിതവേഗത്തിൽ വാഹനങ്ങൾ പോകുന്നതും നിരവധി അപകടങ്ങൾക്കിടയാക്കുന്നു. റോഡ് ഉദ്ഘാടനം നടത്തിയ ശേഷം പാലായ്ക്കും പൈകയ്ക്കും ഇടയിലുണ്ടായ അപകടങ്ങളിൽ മിക്കതിലും വാഹനങ്ങളുടെ അമിതവേഗം വില്ലനായിരുന്നു. വേഗം നിയന്ത്രിക്കുന്നതിന് കർശന നടപടികൾ അനിവാര്യമാണെന്ന് നാട്ടുകാർ പറയുന്നു. വളവുകൾ നിവർർത്തുവാൻ സാധ്യമല്ല.
പകരം ആവശ്യത്തിന് മുന്നറിയിപ്പ് സംവിധാനങ്ങളുണ്ടാക്കുകയും നിയന്ത്രിക്കുകയും ചെയ്യണ്ടത് അനിവാര്യമാണ്. വീതിയേറിയ റോഡിൽ 100 കിലോമീറ്ററിലേറെ വേഗത്തിലാണ് മിക്ക വാഹനങ്ങളും പായുന്നത്. മിനുസമേറിയ റോഡിൽ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ സാധിക്കാതെ വരുന്നതും അപകടത്തിനിടയാക്കുന്നു.
മഴക്കാലത്ത് വാഹനങ്ങൾ റോഡിൽനിന്ന് തെന്നിമാറുന്ന സംഭവങ്ങളും നിരവധിയാണ്. വേഗനിയന്ത്രണ സംവിധാനങ്ങളും കാര്യക്ഷമമല്ല.