കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ നടന്ന ഓശാന തിരുനാൾ ആചരണം ഭക്തിസാന്ദ്രമായി
വിശുദ്ധ വാരാചരണത്തിനു തുടക്കം കുറിച്ച് ക്രൈസ്‌തവര്‍ ഓശാന ഞായര്‍ ആചരിച്ചു. ഓശാനപ്പെരുന്നാളോടെ വലിയനോമ്പിന്റെ അവസാന വാരത്തിലേക്ക് ക്രൈസ്തവ വിശ്വാസികൾ പ്രവേശിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയെ തുടർന്ന് ആറരയ്ക്ക് ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ കാർമ്മികത്വത്തിൽ ഗ്രോട്ടോയിൽ കുരുത്തോല വെഞ്ചരിപ്പും തുടർന്ന് പള്ളിയിലേക്ക് പ്രദക്ഷിണവും നടന്നു. കോവിഡ് നിയന്ത്രണങ്ങൾ മൂലം രണ്ടുവർഷങ്ങൾക്ക് ശേഷമാണ് ഓശാന ഞായറിന് വിശ്വാസികൾക്ക് പങ്കെടുക്കാനാവുന്നത്. അതിനാൽ തന്നെ നിരവധി വിശ്വാസികൾ ഭക്തിപൂർവ്വം ചടങ്ങുകളിൽ പങ്കെടുത്തു .
യേശുവിന്റെ രാജകീയ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ച് കുരുത്തോലകൾ കൈയിലേന്തി, സ്തുതി ഗീതങ്ങൾ ആലപിച്ചു കൊണ്ട് ദേവാലയ വാതിലിലേയ്ക്ക് നൂറുക്കണക്കിന് വിശ്വാസികൾ ഭക്തിപൂർവ്വം പ്രദക്ഷിണം നടത്തി ഓശാനത്തിരുനാൾ ആചരിച്ചു.