മാലിന്യം നിറഞ്ഞ് ചിറ്റാർ പുഴ; പ്ലാസ്റ്റിക് ചാക്കുകളിലും കൂടുകളിലും കെട്ടി മാലിന്യം തള്ളുന്നു
കാഞ്ഞിരപ്പള്ളി∙ തുടർച്ചയായി പെയ്യുന്ന വേനൽ മഴയിൽ ചിറ്റാർ പുഴയിൽ നീരൊഴുക്കു വർധിച്ചതോടെ പുഴയിലേക്കു മാലിന്യങ്ങൾ വ്യാപകമായി തള്ളുന്നു.
പ്ലാസ്റ്റിക് ചാക്കുകളും കൂടുകളിലും കെട്ടി മാലിന്യങ്ങൾ പുഴയിലേക്കു തള്ളുകയാണ്. ജലനിരപ്പ് ഉയർന്ന് ഒഴുക്കു വർധിച്ചതോടെ ഇവ തങ്ങിക്കിടക്കാതെ ഒഴുകിപ്പോകുമെന്നതിനാലാണ് അവസരം നോക്കി മാലിന്യങ്ങൾ തള്ളുന്നത്. സന്ധ്യ കഴിഞ്ഞ് ഇരുട്ടിന്റെ മറവിലാണ് മാലിന്യങ്ങൾ കൂടുതലായും തള്ളുന്നത്. കൈത്തോടുകളിൽനിന്നും മാലിന്യങ്ങൾ പുഴയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇവയിൽ പലതും തടയണകളുടെ അടിത്തട്ടിൽ തങ്ങി നിൽക്കും.
ജലനിരപ്പ് താഴുമ്പോൾ തടയണകൾ നിറയെ മാലിന്യക്കൂമ്പാരങ്ങൾ പ്രത്യക്ഷപ്പെടുന്ന സ്ഥിതിയാണ്. പ്ലാസ്റ്റിക് കുപ്പികൾ പോലെ കനം കുറഞ്ഞ പാഴ്‌വസ്തുക്കൾ പുഴയുടെ തീരത്തെ പുരയിടങ്ങളിലും തുണിയുടെ അവശിഷ്ടങ്ങൾ പുഴയോരത്തെ മരച്ചില്ലകളിലും കാണപ്പെടും. പുഴയിലേക്കും കൈത്തോടുകളിലേക്കും മാലിന്യങ്ങൾ തള്ളുന്നത് പഞ്ചായത്ത് കർശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഫലമില്ല. ചിറ്റാർ പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്തു വൃത്തിയാക്കുന്നതിനു ചിറ്റാർപുഴ പുനർജനി പദ്ധതി 18ന് തുടങ്ങാനിരിക്കെയാണു മാലിന്യങ്ങൾ പുഴയിലൂടെ ഒഴുക്കിവിടുന്നത്.