പൊൻകുന്നത്തുള്ളവർ ഉപ്പ് വാങ്ങാൻ ചങ്ങനാശേരിയിൽ വരെ പോകണമായിരുന്നു; 

പുണ്യം പുതുമഴയായി പെയ്യുന്ന നേരത്താണ് ചിറക്കടവിൽ കാൽകുത്തിയത്. കടുത്ത വേനലിന് ആശ്വാസമായി പെയ്യുന്ന പുതുമഴയിൽ അലിഞ്ഞ് പൊൻകുന്നം പട്ടണത്തിൽ നിന്നു.  ചിറക്കടവിന്റെ ഹൃദയമാണ് പൊൻകുന്നം. മലയോര പട്ടണമായി വിടർന്നു വിലസി നിൽക്കുന്നു, പൊൻകുന്നം. ഹരിതാഭയുള്ളൊരു നാട്. ചിറയുടെ കടവ് എന്ന അർഥത്തിൽ നിന്നാവാം ചിറക്കടവ് എന്ന പേരുണ്ടായത്. 

അല്ലെങ്കിൽ ശബരിമല തീർഥാടകർ ചെറുകടവ് എന്നു പറഞ്ഞതിൽ നിന്നു പിറവിയെടുത്തതുമാവാം. ചിറക്കടവ് ക്ഷേത്രം പേരെടുത്തതാണ്. പഴയ ആധാരങ്ങളിലും മറ്റും കൂവത്താഴെ എന്നുപയോഗിച്ചു കാണുന്നുണ്ട്. ക്ഷേത്ര സ്ഥാപകൻ കൂപക മഹർഷിയാണെന്നാണ് ഐതിഹ്യം. അദ്ദേഹം തപസ്സിനുപയോഗിച്ച കൂവത്തറയെ സൂചിപ്പിച്ചതിൽ നിന്നാവാം കൂവത്താഴെ എന്ന പേരുണ്ടായത്. ചിറക്കടവ്, ചെറുവള്ളി വില്ലേജുകൾ ചേർന്നതാണ് ഈ പ്രദേശം. ചിറക്കടവ് മഹാദേവ ക്ഷേത്രം, ചെറുവള്ളി ഭഗവതി ക്ഷേത്രം എന്നിവയ്ക്കു ചുറ്റുമുള്ള ജനവാസ കേന്ദ്രങ്ങളിൽ നിന്നാണ് ഇവിടെ ചരിത്രം ആരംഭിക്കുന്നത്. 

രണ്ടു ക്ഷേത്രങ്ങൾക്കു ചുറ്റും നെൽപാടങ്ങൾ ഉണ്ടായിരുന്നു. ചെറുവള്ളി വില്ലേജിലെ പഴയ ആധാരങ്ങളിൽ ‘ചെമ്പകശേരി വക’, ‘ചെമ്പകശേരി തോട്ടം’, ‘മണിയാരുടെ വക’ എന്നിങ്ങനെ കാണുന്നുണ്ട്. പക്ഷേ ഈ നാട് ചെമ്പകശേരി രാജവംശത്തിന്റെ അധീനതയിലായിരുന്നു എന്നു പറയപ്പെടുന്നുണ്ടെങ്കിലും ആധാരങ്ങളിലെ ഈ സൂചനകളല്ലാതെ മറ്റു തെളിവുകളില്ല. 

‘വഞ്ഞിപ്പുഴ ചീഫ്’ എന്നു വിളിച്ചിരുന്ന ‘വഞ്ഞിപ്പുഴ മഠം ഉഴത്തിരര്’ എന്ന സ്ഥാനപ്പേരുള്ള ഇടപ്രഭുകുടുംബത്തിന് കരമൊഴിവായി കിട്ടിയതാണ് ചിറക്കടവ്, ചെറുവള്ളി, പെരുവന്താനം എന്നീ കരകളും ക്ഷേത്രങ്ങളും എന്നാണ് ചരിത്രം. മാർത്താണ്ഡവർമയുടെ ആക്രമണത്തിനു വളരെ മുൻപ് തന്നെ ഈ അവകാശം ഉണ്ടായിരുന്നു. 1936 മുതൽ 1940 വരെയുള്ള കാലത്ത് ചിറക്കടവ്, ചെറുവള്ളി വില്ലേജുകളിൽ സെറ്റിൽമെന്റ് സർവേ നടന്നു. കരം പുതുക്കി പട്ടയപ്പെടുത്തി. ഇതിനു വേണ്ടി വന്ന ചെലവ് തിരുവിതാംകൂർ സർക്കാരിനു നൽകാൻ വഞ്ഞിപ്പുഴ ചീഫ് ബാധ്യസ്ഥനായിരുന്നു. 

ഇതിനു നിവൃത്തിയില്ലാത്തതിനാൽ പ്രതിഫലം വാങ്ങി ഭൂമി സർക്കാരിനു വിട്ടുനൽകി. 1863ൽ നിർമിച്ച കെകെ റോഡും 1885ൽ നിർമിച്ച പൊൻകുന്നം – പാലാ റോഡും പൊൻകുന്നത്തെ പ്രധാന കവലയാക്കി വളർത്തുകയായിരുന്നു. പൊൻകുന്നം കവലയിൽ നിന്നു പൊലീസ് സ്റ്റേഷനിലേക്കു നോക്കി.  പണ്ട് ഉപ്പുപണ്ടകശാല നിന്നിരുന്ന സ്ഥലത്താണ് ഇപ്പോൾ പൊലീസ് സ്റ്റേഷൻ നിൽക്കുന്നത് . പൊൻകുന്നത്ത് ഉപ്പുപണ്ടകശാല ആരംഭിക്കുന്നതിനു മുൻപ് ഇവിടെയുള്ളവർ ഉപ്പ് വാങ്ങാൻ ചങ്ങനാശേരിയിൽ വരെ പോകണമായിരുന്നു എന്നു കേൾക്കുമ്പോൾ മൂക്കത്ത് വിരൽ വയ്ക്കാൻ തോന്നുന്നുണ്ടോ? 

കഥകളുടെ താളിയോലക്കെട്ടുകൾ മടക്കി വച്ചു രാജേന്ദ്ര മൈതാനത്തേക്കു നടന്നു. മൈതാനം എന്നത് ഇപ്പോൾ പേരിനു മാത്രമാണ്. കച്ചവടക്കാരും വണ്ടികളും നിറഞ്ഞ ഒരു തെരുവ്.. മൈതാനത്തു വലിയൊരു കിണർ കാണാം. പഴക്കമുള്ളതാണ് കിണറെന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയാം. സ്വാതന്ത്ര്യ സമരത്തിന്റെ പൊൻവെട്ടം അലയടിക്കുന്നതാണ് ഈ മൈതാനം. ബ്രിട്ടിഷ് ഭരണകാലത്ത് ജോർജ് അഞ്ചാമന്റെ കീരിടധാരണത്തോടനുബന്ധിച്ച് സ്മാരകശില സ്ഥാപിച്ചത് ഈ മൈതാനത്താണ്. 

സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ കേന്ദ്ര ബിന്ദുവായ മൈതാനത്ത് കിണർ നിർമിക്കുകയെന്നത് ബ്രിട്ടിഷുകാരുടെ തീരുമാനമായിരുന്നു. 1947 ജൂൺ 13ന് സർ സിപിയുടെ പട്ടാളത്തിന്റെ ആക്രമണത്തിൽ മരിച്ച  രാജേന്ദ്രൻ എന്ന 13 വയസ്സുകാരനെ അനുസ്മരിച്ച് വിദ്യാർഥികൾ പഠിപ്പ് മുടക്കി ഈ മൈതാനത്ത് പ്രതിഷേധവുമായി ഒത്തുകൂടിയിരുന്നു. പിന്നീട് ഈ മൈതാനത്തിനു രാജേന്ദ്ര മൈതാനം എന്ന പേരു വന്നു.

error: Content is protected !!