തേനീച്ച കൂട്ടങ്ങൾ ഭീഷണിയായി
മുണ്ടക്കയം ∙ കല്ലേപ്പാലത്തിൽ കൂട് കൂട്ടിയ തേനീച്ച കൂട്ടങ്ങൾ യാത്രക്കാർക്കും പരിസര വാസികൾക്ക് ഭീഷണിയാകുന്നു. പാലത്തിന്റെ കൈവരികൾക്ക് താഴെ ഇരു വശങ്ങളിലുമായി പത്തോളം കൂടുകളാണുള്ളത്.സാധാരണ ഗതിയിൽ ജനവാസ മേഖലയിലെ തേനീച്ച കൂടുകളിൽ പക്ഷികളുടെ ആക്രമണം ഉണ്ടാകുന്നത് പതിവാണ്. ഇവിടെയും അങ്ങനെ ഉണ്ടായാൽ യാത്രക്കാരെയും നാട്ടുകാരെയും തേനീച്ചകൾ ആക്രമിക്കുമെന്ന് ഉറപ്പാണ്.കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയ പാലത്തിലൂടെ സ്കൂൾ കുട്ടികൾ അടക്കം ഒട്ടേറെ യാത്രക്കാരാണ് കാൽനടയായും അല്ലാതെയും കടന്നു പോകുന്നത്. പാലത്തിന് സമീപം നിരവധി വീടുകളും ഉണ്ട്. ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് തേനീച്ച കോളനികൾ ഇവിടെ നിന്നും നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം.