പദ്ധതിക്ക് കല്ലിട്ടാൽ ഭൂവുടമയ്ക്ക് ദുരിതം പനച്ചിക്കാട്ട് ആവർത്തിച്ചത് ശബരിയിലെ അനുഭവം
കോട്ടയം: സിൽവർലൈൻ സാമൂഹികാഘാതപഠനത്തിന് തിരഞ്ഞെടുത്ത ഭൂമിയിൽ ഉടമയുടെ ഇടപാടുകൾക്ക് തടസ്സമില്ലെന്ന് കെ-റെയിലും സർക്കാരും വ്യക്തമാക്കുമ്പോഴും, ഇക്കാര്യത്തിൽ വ്യക്തതയില്ല. ഒരു കുഴപ്പവുമില്ലെന്ന് കെ-റെയിൽ പറയുമ്പോഴും ജനത്തിന്റെ മുൻ അനുഭവം പൊള്ളുന്നതാണ്. ശബരി റെയിൽവേയുടെ കല്ലുകൾ സമാനരീതിയിൽ 900 ഭൂവുടമകളുടെ ഉറക്കം കെടുത്തി. 2020-ൽ ശബരി പദ്ധതി റെയിൽവേ മരവിപ്പിച്ചെങ്കിലും ഭൂമി ഇടപാടുകൾക്കുള്ള തടസ്സം നീങ്ങിയിട്ടില്ല.
1997-ൽ പ്രഖ്യാപിച്ച ശബരിപാതയിൽ ഏഴ് കിലോമീറ്ററേ നിർമാണം നടന്നിട്ടുള്ളൂ. 111 കിലോമീറ്ററാണ് മൊത്തം ദൂരം. ആലുവ, കുന്നത്തുനാട് താലൂക്കുകളിൽ സാമൂഹികാഘാതപഠനം നടത്തിയിരുന്നു. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിൽ സാമൂഹികാഘാതപഠനം നടന്നെങ്കിലും ജനഹിതപരിശോധന ഉണ്ടായില്ല. ഇടുക്കി, കോട്ടയം ജില്ലകളിലെ താലൂക്കുകളിൽ പഠനത്തിന് ഏജൻസിയെ നിശ്ചയിച്ചെങ്കിലും മുന്നോട്ടുപോയില്ല. പഠനത്തിന് നിശ്ചയിച്ച ഭൂമികളിൽ ഇടപാടുകൾക്ക് നിയമപരമായി തടസ്സങ്ങൾ ഇല്ലായിരുന്നെങ്കിലും ബാങ്കുകൾ ഇൗട് സ്വീകരിച്ചില്ല. ഭൂമിവില്പനയും മൊത്തത്തിൽ തടസ്സപ്പെട്ടു.
ഏറ്റെടുക്കൽ വിജ്ഞാപനം വരാത്ത ഭൂമിയുടെ ഉടമകൾക്കായിരുന്നു ഇൗ ഗതികേട്. വിജ്ഞാപനംചെയ്ത് ഏറ്റെടുക്കാൻ തീരുമാനിച്ച ഭൂമിയിലും ജനത്തിന് പൊള്ളി. ഭൂമി പോക്കുവരവ് ചെയ്ത്, റെയിൽവേ ഏറ്റെടുക്കലിലേക്ക് കടന്നെങ്കിലും അത് പൂർത്തിയായില്ല. നഷ്ടപരിഹാരം മുടങ്ങുകയും ചെയ്തു. ഇത്തരം ഭൂമികളിൽ, മുൻബാധ്യതകളിൽ ഉടമകൾക്ക് ജപ്തിനോട്ടീസ് വന്നതും വലിയ പ്രതിസന്ധിയുണ്ടാക്കി. പദ്ധതി നടക്കാതെവന്നതോടെ ഇത്തരം വിഷയങ്ങൾ രണ്ട് പതിറ്റാണ്ട് തീർപ്പാകാതെ കിടന്നു.
സിൽവർലൈനിലും നിലവിൽ ബ്യൂറോക്രസിക്ക് വ്യക്തതയില്ലെന്ന് കാണിച്ചതാണ് പനച്ചിക്കാട് സംഭവം. സാമൂഹികാഘാതപഠനത്തിന് തിരഞ്ഞെടുത്ത ഭൂമിയിലെ വീടിന്റെ രണ്ടാംനിലയുടെ പണിക്ക് അനുമതി നൽകാമോ എന്നതിൽ കെ-റെയിൽ പദ്ധതിയുടെ സ്പെഷ്യൽ തഹസിൽദാർക്കുപോലും അറിവില്ലായിരുന്നു.
ജനുവരി ഒൻപതിന് ഉടമ പഞ്ചായത്തിൽ നൽകിയ അപേക്ഷയിൽ സെക്രട്ടറി അനുമതി കൊടുത്തില്ല. സിൽവർലൈൻ പദ്ധതിയുടെ പഠനത്തിന് തിരഞ്ഞെടുത്ത ഭൂമിയായതിനാലാണ് തീരുമാനമെടുക്കാഞ്ഞത്.
ഉന്നതാധികാരിളോട് അനുമതി നൽകാമോ എന്ന് ചോദിച്ചപ്പോൾ ആരും വ്യക്തമായ മറുപടി നൽകിയില്ലെന്ന് സെക്രട്ടറി പറയുന്നു.
അതുകൊണ്ടാണ് അദ്ദേഹം വിശദീകരണം തേടിയുള്ള കത്തുംവെച്ച് അപേക്ഷ ഉടമവശം കെ-റെയിൽ സ്പെഷ്യൽ തഹസിൽദാർക്ക് കൊടുപ്പിച്ചത്.
ഫെബ്രുവരി അഞ്ചിനായിരുന്നു ഇത്. തഹസിൽദാരും തീരുമാനമെടുത്തില്ല. മാർച്ച് 23-ന് ഇത് തഹസിൽദാർ കെ-റെയിലിന് കൈമാറിയെങ്കിലും, തീരുമാനം വന്നത് സംഭവം വിവാദമായശേഷം.
പഠനത്തിന് കല്ലിട്ടാൽ ഭൂമിയിലെ ഇടപാടുകൾക്ക് നിയമതടസ്സമില്ല; പക്ഷേ, ശബരിപാതയിൽ എല്ലാം തടസ്സപ്പെട്ടു