റബ്ബറിന് മഴമറ ഇടാൻ ചെലവേറുന്നുകൂടുതൽ വില പ്ലാസ്റ്റിക്കിനും പശയ്ക്കും  

കാഞ്ഞിരപ്പള്ളി

: ടാപ്പിങ്ങ് തുടരാനാഗ്രഹിക്കുന്ന കൃഷിക്കാർക്ക് തിരിച്ചടിയായി മഴമറ നിർമാണത്തിനുള്ള ഉത്‌പന്നങ്ങൾക്ക് വിലക്കയറ്റം. ഇത്, റബ്ബർവിലവർധന പ്രയോജനപ്പെടുത്താനുള്ള കർഷകന്റെ ശ്രമങ്ങൾക്ക് തടസ്സമാകുന്നു. പണം ചെലവാക്കി മഴമറയിട്ടാലും പോയവർഷത്തെപ്പോലുള്ള അതിവർഷം ആവർത്തിക്കുമോയെന്ന ഭീതിയുമുണ്ട്.

മഴമറ ഉറപ്പിക്കാനുള്ള പശയ്ക്ക് 35 ശതമാനംവരെ വില കൂടി. 25 കിലോഗ്രാമുള്ള ഒരുകുറ്റി പശയ്ക്ക് മുമ്പ് 1125 രൂപയായിരുന്നത് ഇപ്പോൾ 1480 രൂപയായി. ചില്ലുമുതൽ ടാപ്പിങ് കത്തിവരെയുള്ളവയ്ക്കും മുൻവർഷങ്ങളെക്കാൾ 15 മുതൽ 20 ശതമാനംവരെ വില കൂടിയിട്ടുണ്ട്.

കഴിഞ്ഞവർഷം 17 രൂപ ഉണ്ടായിരുന്ന ചില്ലിന് ഈവർഷം 23 രൂപയാണ്. ഒരു കിലോഗ്രാം പ്ലാസ്റ്റിക്കിന് 120 രൂപയായിരുന്നത് ഇപ്പോൾ 180 ആയി. ഒരുപെട്ടി പിന്നിന് 20 രൂപയായി. മുമ്പ് ഇത് 15 ആയിരുന്നു. ഒരു മരത്തിന് മഴമറയിടാനുള്ള കൂലി 10-ൽനിന്ന് 15 വരെയായി.

ഒരു ഹെക്ടർ തോട്ടത്തിൽ 30 കിലോ പശയും 12 കിലോ പ്ലാസ്റ്റിക്കും നാലുപെട്ടി പിന്നും അരക്കിലോ ബെൽറ്റുമാണ് വേണ്ടത്. ഒരു മരത്തിന് 30 രൂപമുതലാണ് മഴമറയിടാൻ ചെലവ്. മരത്തിന്റെ വലുപ്പമനുസരിച്ച് മാറ്റമുണ്ടാകും. ഹെക്ടറൊന്നിന് 2,000 രൂപമുതൽ കൂടിയിട്ടുണ്ട്. മരമൊന്നിന് മൊത്തം മൂന്നുമുതൽ അഞ്ചുരൂപവരെയാണ് ചെലവേറുക. ഒരു ഹെക്ടറിൽ 300-400 വരെ മരമുണ്ട്. 

കീടനാശിനിക്കും അധികവില

കുമിൾരോഗത്തിനും അകാല ഇലപൊഴിച്ചിൽ തടയാനുള്ള മരുന്നുകൾക്കും വില കൂടിയിട്ടുണ്ട്. കോപ്പർ ഓക്സിക്ലോറൈഡിന് കിലോഗ്രാമിന് 622 രൂപയും സ്പ്രേ ഓയിലിന് ലിറ്ററിന് 92 രൂപയുമായിരുന്നു വില. ഇതിന് വില കൂടുകയാണ്. മേയിലാണ് മരുന്ന് തളിക്കുന്നത്.

error: Content is protected !!