മോഷണ ശ്രമം: വളർത്തുനായകൾക്ക് വിഷം കൊടുത്തു, പശുക്കളെ അഴിച്ചുവിട്ടു
എരുമേലി: അർധരാത്രിയിൽ വളർത്തുനായകൾക്ക് വിഷം നൽകി. വീടിന്റെ തൊഴുത്തിലുണ്ടായിരുന്ന പശുക്കളെ അഴിച്ചുവിട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ എരുമേലി കനകപ്പലത്താണ് സംഭവം.
പശുക്കളെ മോഷ്ടിക്കാനുള്ള ശ്രമമാവാം സംഭവത്തിന് പിന്നിലെന്നാണ് നിഗമനം. മുൻ സൈനികൻ കനകപ്പലം തടത്തേൽ സജിത്തിന്റെ വീട്ടിലാണ് സംഭവം. വിഷം ഉള്ളിൽച്ചെന്ന നായകളിൽ ഒരെണ്ണം ചത്തു. നായകളുടെ നിർത്താതെയുള്ള കുരകേട്ട് വീട്ടുകാർ ഉണർന്ന് നോക്കിയപ്പോൾ, വായിൽനിന്ന് നുരയും പതയും വരുന്ന നിലയിലായിരുന്നു. വീട്ടുമുറ്റത്തെ പൈപ്പ് തുറന്നിട്ട നിലയിലും തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കളെ പറമ്പിലും കാണപ്പെടുകയായിരുന്നു. മൃഗഡോക്ടറുടെ സഹായത്തോടെ ഒരു നായയെ രക്ഷിക്കാനായി. വീട്ടുകാരുടെ പരാതിയിൽ എരുമേലി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.