ഒരേദിവസം അമ്മയുടെയും മകളുടെയും പുസ്തക പ്രകാശനം
കാഞ്ഞിരപ്പള്ളി: ഒരേദിവസം സ്വന്തം പുസ്തകങ്ങൾ പ്രകാശനം ചെയ്ത് ശ്രദ്ധ നേടുകയാണ് അമ്മയും മകളും. മുൻ ജില്ലാ പഞ്ചായത്തംഗം കൂടിയായ മറിയാമ്മ ജോസഫും മകൾ ഫെബിനി എം. ജോസഫുമാണ് ഒരേസമയത്ത് തങ്ങളുടെ പുസ്തകങ്ങൾ പുറത്തിറക്കിയത്. അധ്യാപികകൂടിയായിരുന്ന മറിയാമ്മ ജോസഫ് ‘ഞാനും പ്രസംഗിക്കും’ എന്ന പുസ്തകത്തിലൂടെ പ്രസംഗകലയിലെ എളുപ്പ വഴികളെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്. പ്രണയം വിഷയമാകുന്ന ‘പതിമൂന്നാമത്തെ കവിത’ എന്നതാണ് ഫെബിനിയുടെ പുസ്തകം. എഴുത്തുകാരനായ പെരുമ്പടം ശ്രീധരനാണ് ഇരുവരുടെയും പുസ്തകങ്ങൾ പ്രകാശനം ചെയ്തത്.
ചെറുപ്പംമുതലുള്ള പ്രസംഗകലയോടുള്ള താത്പര്യമാണ് പുസ്തക എഴുത്തിലേക്ക് നയിച്ചതെന്ന് മറിയാമ്മ ജോസഫ് പറയുന്നു. നിരവധി വേദികളിൽ പ്രസംഗത്തിന് സമ്മാനം വാങ്ങിയിട്ടുണ്ട്. പിന്നീട് അധ്യാപികയായിരുന്നപ്പോൾ വിദ്യാർഥികൾക്ക് പ്രസംഗവിദ്യ പകർന്നുനൽകി. കൂടുതൽ വിദ്യാർഥികൾക്ക് പ്രസംഗവേദികളിൽ തിളങ്ങാൻ അവസരമൊരുങ്ങുന്നതിനാണ് പുസ്തകം രചിച്ചതെന്ന് മറിയാമ്മ പറഞ്ഞു. 2019-ൽ അധ്യാപനത്തിൽനിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തിലേക്കിറങ്ങുകയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തു. കറുകുറ്റി എസ്.സി.എം.എസ്. കോളേജിലെ അസി. പ്രൊഫസറും ഗവേഷണ വിദ്യാർഥിനിയുമാണ് ഫെബിനി. ഫെബിനിയെഴുതിയ 100-ഓളം കവിതകളിൽനിന്ന് തിരഞ്ഞെടുത്ത 26 കവിതകളാണ് പതിമൂന്നാമത്തെ കവിതയിലുള്ളത്. എഴുത്തിൽ പിതാവ് മുള്ളുകാലായിൽ എം.എം ജോസഫിന്റെയും സഹോദരിമാരായ സെഫിയുടെയും, ജോമിനിയുടെയും പിന്തുണ പ്രചോദനമായെന്ന് ഫെബിനി പറയുന്നു.