കോവിഡിൽ മുടങ്ങിപ്പോയ പകലരങ്ങ് പുനർജനിക്കുന്നു
പൊൻകുന്നം: കോവിഡ് മൂലം മുടങ്ങിപ്പോയ പകൽ കഥകളിക്ക് പുനർജീവനൊരുക്കി കഥകളിപ്രേമികൾ. ഇളങ്ങുളം രംഗശ്രീ കഥകളി ക്ലബിന്റെ പകലരങ്ങാണ് രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടുമൊരുങ്ങുന്നത്.
പത്താമുദയ ഉത്സവത്തിന് 23-ന് 1.30-ന് പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രാങ്കണത്തിൽ നളചരിതം ഒന്നാംദിവസം മേജർസെറ്റ് കഥകളിയാണ് നടത്തുന്നത്. കുടമാളൂർ നാട്യമണ്ഡലമാണ് ചമയം ഒരുക്കുന്നത്.
പീശപ്പള്ളി രാജീവൻ, കലാരംഗം ആനിക്കാട് കണ്ണൻ, മയ്യനാട് രാജീവൻ നമ്പൂതിരി, കലാമണ്ഡലം അനിൽകുമാർ, ഗൗരി എസ്.നായർ, ആനിക്കാട് വിഷ്ണു മുരളീധരൻ എന്നിവർ വേഷമിടും. മീനടം ഉണ്ണിക്കൃഷ്ണൻ കഥാഖ്യാനം നിർവഹിക്കും.