റോഡ് പണി നടത്താതെ കരാറുകാരൻ കബളിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പാക്കാനം ഇഞ്ചക്കുഴി റോഡ് ഉപരോധിച്ചു
എരുമേലി : കരാർ ഏറ്റയാൾ റോഡ് പണി നടത്താതെ രണ്ട് വർഷമായി കബളിപ്പിച്ചെന്ന് ആരോപണം. പ്രതിഷേധമായി കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
എരുമേലി പഞ്ചായത്തിലെ ഒരു കിലോമീറ്റർ ദൂരമുള്ള പാക്കാനം – ഇഞ്ചക്കുഴി റോഡ് ആണ് പി സി ജോർജ് എംഎൽഎ ആയിരിക്കെ 15 ലക്ഷം രൂപ ഫണ്ട് അനുവദിച്ച് കരാർ നൽകിയത്. പണികൾ നടത്താതെ വന്നതോടെ അന്നത്തെ പഞ്ചായത്ത് ഭരണസമിതി ഇടപെട്ടിരുന്നു. ഉടനെ പണികൾ നടത്തുമെന്ന് പല തവണ ഉറപ്പ് നൽകിയ കരാറുകാരൻ ഒടുവിൽ ഒഴിഞ്ഞുമാറുന്നെന്ന് കണ്ടതോടെ കരിമ്പട്ടികയിൽ പെടുത്താൻ പഞ്ചായത്ത് തീരുമാനിച്ചെന്നും എന്നാൽ പണികൾ നടത്താമെന്ന് വീണ്ടും കരാറുകാരൻ നൽകിയ ഉറപ്പിൽ തീരുമാനം വേണ്ടെന്ന് വെച്ചെന്നും മുൻ വാർഡ് അംഗം ജോമോൻ പറഞ്ഞു.
ഇപ്പോഴത്തെ ഭരണസമിതി ഇടപെട്ട് അടുത്ത മഴക്കാലത്തിന് മുമ്പ് പണികൾ നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടികളായിട്ടില്ല.
കോൺഗ്രസ് പ്രവർത്തകർ നടത്തിയ റോഡ് ഉപരോധം മണ്ഡലം പ്രസിഡന്റ് ടി വി ജോസഫ് ഉദ്ഘാടനം ചെയ്തു. വാർഡ് കമ്മറ്റി പ്രസിഡന്റ് സി പി രാജപ്പൻ അധ്യക്ഷത വഹിച്ചു. ഫസീം ചുടുകാട്ടിൽ, മുൻ വാർഡ് അംഗം ജോമാൻ, ജോയ് പാലമുറി, പി കെ വിശ്വംഭരൻ, സജിവ് വലിയപറമ്പിൽ, ബിജു പുതുവേലി, ഭാസ്കരൻ, സെബാസ്റ്റ്യൻ, മാത്തുക്കുട്ടി, സി ജെ ജോൺ.തുടങ്ങിയവർ പങ്കെടുത്തു.