കരിമ്പിൻതോട്ടിലെ മാലിന്യംതള്ളൽ – 24 മണിക്കൂറും നിരീക്ഷണം; ആറ് വാഹനങ്ങൾ പിടികൂടി  

എരുമേലി: ഇരുവശവും വനം അതിരിടുന്ന കരിമ്പിൻതോട് പാതയിൽ മാലിന്യംതള്ളൽ തടയാൻ വനപാലകർ നിരീക്ഷണം ശക്തമാക്കി. നാല് ദിവസത്തിനിടെ വനത്തിൽ തള്ളാൻ മാലിന്യങ്ങളുമായെത്തിയ ആറ് വാഹനങ്ങൾ വനപാലകർ പിടികൂടി കേസെടുത്തു. 

കഴിഞ്ഞ ദിവസം പകൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്തവർ മാലിന്യങ്ങൾ നിറച്ച പ്ലാസ്റ്റിക് കൂട് പാതയോരത്തേക്ക് വലിച്ചെറിയുന്നത് വനപാലകർ കാണുകയും വാഹനം തടയുകയും ചെയ്തിരുന്നു. സംഭവസമയം അതുവഴിയെത്തിയ എരുമേലി സ്വദേശിയായ യാത്രക്കാരൻ വനപാലകരുടെ നടപടിയെ ചോദ്യംചെയ്യുകയും വാക്കേറ്റത്തിലെത്തുകയും ചെയ്തു. 

സംഭവത്തിൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് യാത്രക്കാരന്റെ പേരിൽ എരുമേലി പോലീസ് കേസെടുത്തു. എരുമേലി-റാന്നി സംസ്ഥാനപാതയുടെ ഭാഗമാണ് കനകപ്പലം മുതൽ കരിമ്പിൻതോട്, മുക്കടവരെയുള്ള വനപാത. 

രാത്രിയിൽ വിജനമാകുന്ന പാതയുടെ ഓരത്ത് വൻതോതിലാണ് മാലിന്യങ്ങൾ തള്ളുന്നത്. പ്ലാസ്റ്റിക്, മത്സ്യ-മാംസാവശിഷ്ടങ്ങൾ തുടങ്ങിയ മാലിന്യങ്ങളാണ് ഏറെയും. 

മാലിന്യങ്ങൾ തള്ളുന്നത് തടയാൻ വനപാലകർ രാത്രിയും പകലും നിരീക്ഷണം ആരംഭിച്ചിരിക്കുകയാണ്. എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ.വി.ജയകുമാർ, പ്ലാച്ചേരി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി.വി.വെജി എന്നിവരുടെ നേതൃത്വത്തിലാണ് വനപാതയിൽ നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.

error: Content is protected !!