അമ്മയും മകളും എഴുതിയ പുസ്തകങ്ങൾ ഒരേ ദിവസം പ്രകാശനം ചെയ്തു
കാഞ്ഞിരപ്പള്ളി ∙ അമ്മയും മകളും എഴുതിയ പുസ്തകങ്ങൾ ഒരേ ദിവസം പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് മുൻ അംഗവും റിട്ട. അധ്യാപികയുമായ മറിയമ്മ ജോസഫും മകൾ കറുകുറ്റി എസ്.സി.എം.എസ്. കോളജിലെ അസിസ്റ്റന്റ് പ്രഫസറും ഗവേഷണ വിദ്യാർഥിനിയുമായ ഫെബിനി എം. ജോസഫുമാണ് ഒരേ സമയത്ത് തങ്ങളുടെ പുസ്തകങ്ങൾ പുറത്തിറക്കി ശ്രദ്ധേയരായത്.
മറിയമ്മ ജോസഫ് പ്രസംഗ കലയിലെ എളുപ്പ വഴികളെക്കുറിച്ച് എഴുതിയിരിക്കുന്ന ‘ഞാനും പ്രസംഗിക്കും ’എന്ന പുസ്തകവും, പ്രണയം വിഷയമാക്കി ‘പതിമൂന്നാമത്തെ കവിത’ എന്ന പേരിൽ മകൾ ഫെബിനിയുടെ കവിതാ സമാഹാരവും എഴുത്തുകാരനായ പെരുമ്പടവം ശ്രീധരനാണ് പ്രകാശനം ചെയ്തത്. മറിയമ്മ ജോസഫ് അധ്യാപനത്തിൽ നിന്നു വിരമിച്ച ശേഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഫെബിനി എഴുതിയ നൂറോളം കവിതകളിൽ നിന്നു തിരഞ്ഞെടുത്ത 26 കവിതകളാണു പതിമൂന്നാമത്തെ കവിത എന്ന പുസ്തകത്തിലുള്ളത്.