സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍ ബ്ലോക്കിന് സ്വാതന്ത്ര്യസമരസേനാനി അക്കാമ ചെറിയാന്റെ പേര് നാമകരണം ചെയ്തു
കാഞ്ഞിരപ്പള്ളി: സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍ ബ്ലോക്കിന് സ്വാതന്ത്ര്യസമര സേനാനി അക്കാമ ചെറിയാന്റെ പേര് നാമകരണം ചെയ്തു. സ്കൂളില്‍ സ്ഥാപിക്കുന്ന അക്കാമ്മ ചെറിയാന്റെ ചിത്രത്തിന്റെ അനാച്ഛാദനവും നടത്തി. എട്ടുവര്‍ഷം സ്കൂളിലെ പ്രധാനാധ്യാപികയായി അക്കാമ്മ ചെറിയാന് സേവനമനുഷ്ടിച്ചിരുന്നു.
1933 – 38 വരെ സ്കൂളില്തുടര്ന്ന അക്കാമ്മ ചെറിയാന് സ്വാതന്ത്ര്യ സമര രംഗത്തേക്കിറങ്ങുന്നതും 1938-ലാണ്. നേരത്തെ പുത്തനങ്ങാടിയില്‍നിന്ന് സ്കൂളിലേക്കുള്ള റോഡിന് പഞ്ചായത്ത് അക്കാമ്മ ചെറിയാന്റെ പേര് നല്‍കിയിരുന്നു.
സ്കൂൾ ഓഡിറ്റോറിയത്തിൽനടന്ന സമ്മേളനം രൂപതാകോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ഡൊമിനിക് അയലൂപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം വിരമിക്കുന്ന പ്രധാനാധ്യാപിക സിസ്റ്റര്‍ ഡയസ് മരിയ സിഎംസി, അധ്യാപകരായ സിസ്റ്റര്‍ സെലിനാമ്മ ജോണ്‍ എഫ്സിസി, ആനിയമ്മ ജോസഫ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി.
കാഞ്ഞിരപ്പള്ളി അമല പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ എലിസബത്ത് സാലി സിഎംസി അധ്യക്ഷത വഹിച്ചു. സെന്റ് ഡൊമിനിക്സ് കത്തീഡ്രല്‍ വികാരിയും ആര്‍ച്ച് പ്രീസ്റ്റുമായ ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ടോണി തോമസ് കരിപ്പാപ്പറമ്പില്‍ അക്കാമ്മ ചെറിയാന് അനുസ്മരണം നടത്തി. പ്രധാനാധ്യാപിക മിനിമോള്‍ ജോസഫ്, സ്കൂള്‍ മാനേജർ ജാന്‍സ മരിയ സിഎംസി, എയ്ഞ്ചല്‍ മേരി ജോഷ്വാ എന്നിവര്‍ പ്രസംഗിച്ചു.