വിടവാങ്ങിയത് കാഞ്ഞിരപ്പള്ളി രൂപതയെ നെഞ്ചോടു ചേര്‍ത്ത വൈദിക ശ്രേഷ്ഠൻ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയെ നെഞ്ചോടു ചേര്‍ത്തുവച്ച വൈദിക ശ്രേഷ്ഠൻ ഫാ. ഏബ്രഹാം പറമ്പില്‍ വിടവാങ്ങി. 1977 ൽ കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമാകുമ്പോൾ ഫാ. എബ്രാഹം പറമ്പിൽ നെടുങ്കുന്നം പള്ളിയിൽ അസിസ്റ്റന്റ് വികാരിയായിരുന്നു.
പുതിയ രൂപതയുടെ ആദ്യ ഇടയനായ മാർ ജോസഫ് പവ്വത്തിൽ കാഞ്ഞിരപ്പള്ളിയിലെത്തിയപ്പോൾ തന്റെ സെക്രട്ടറിയായി നിശ്ചയിച്ചത് പറമ്പിലച്ചനെയായിരുന്നു.
രൂപതയുടെ ആദ്യനാളുകളിലെ സമഗ്ര വികസനത്തിനു പിന്നില്‍ അദ്ദേഹത്തിന്റെ പരിശ്രമവുമുണ്ടായിരുന്നു. അജപാലന രംഗത്തും ആരാധനക്രമ പരിശീലനത്തിനും സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹത്തിനു നൂതനമായ കാഴ്ചപ്പാടും പദ്ധതികളുമുണ്ടായിരുന്നു. റോമിലെ പൊന്തിഫിക്കന്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരാധനക്രമ ദൈവശാസ്ത്രത്തില്‍ ഉപരി പഠനം നടത്തി തിരികെയെത്തിയ ഫാ. ഏബ്രബാം രൂപത ലിറ്റര്‍ജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായും ദുക്റാന ആരാധനക്രമ ദൈവശാസ്ത്ര മാസികയുടെ മാനേജിംഗ് എഡിറ്ററായും ശുശ്രൂഷ ചെയ്തു.
ആറു വര്‍ഷത്തോളം ചിന്നാര്‍ ഇടവകയില്‍ അജപാലന ശുശ്രൂഷ ചെയ്ത അദ്ദേഹം ഡയര്‍ എന്ന ലഹരി വിമുക്ത കേന്ദ്രത്തിനു തുടക്കം കുറിച്ചു. വെളിച്ചിയാനി ഇടവകയില്‍ അജപാലന ശുശ്രൂഷ ചെയ്യുമ്പോള്‍ കുരിശുപള്ളിയായിരുന്ന മാങ്ങാപ്പാറ ഇടവക പള്ളിയാക്കുന്നതിനു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വെളിച്ചിയാനി പള്ളിയും പള്ളിമുറിയും പണികഴിപ്പിച്ചതും ഫാ. ഏബ്രഹാം പറമ്പിലിന്റെ നേതൃത്വത്തിലാണ്.
മേരി മാതാ മൈനര്‍ സെമിനാരിയില്‍ അധ്യാപകന് എന്ന നിലയിലും സ്തുത്യര്‍ഹമായ ശുശ്രൂഷ നിര്‍വഹിച്ച അദ്ദേഹം വിയാനി ഹോമില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. ലളിത സുന്ദരമായി ആശയ വിനിമയം ചെയ്യുന്നതില്‍ പ്രത്യേകമായൊരു പാടവം അദ്ദേഹത്തിനു ജന്മസിദ്ധമായിരുന്നു.
ഫാ. ഏബ്രാഹം പറമ്പിലിന്റെ സംസ്കാരം ഇന്ന് രാവിലെ എട്ടിന് കുന്നുംഭാഗത്തുള്ള കുടുംബവീട്ടില്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ ആരംഭിക്കും. തുടര്‍ന്ന് ഒമ്പതിന് ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലെ ശുശ്രൂഷകള്‍ക്കുശേഷം മൃതദേഹം സംസ്കരിക്കും.