പുതിയ എരുമേലി വില്ലേജ് ഓഫീസിന് 30-ന് മന്ത്രി കല്ലിടും
എരുമേലി: അനുയോജ്യമായ സ്ഥലം കിട്ടിയില്ലെന്ന വിഷമം മാറിയെന്നു മാത്രമല്ല ഗംഭീരമായ ശിലാ സ്ഥാപനത്തിന് ഒരുങ്ങുന്നു എരുമേലിയിൽ സ്മാർട്ട് വില്ലേജ് ഓഫീസ്.
നിലവിൽ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ പരിമിതികളിൽ ഒതുങ്ങിയ വില്ലേജ് ഓഫീസിനാണ് ഇനി വിപുലമായ സൗകര്യങ്ങളുള്ള കെട്ടിടം ഒരുങ്ങുക.
പൊതുമരാമത്ത് അതിഥി മന്ദിരത്തിന് അടുത്ത് പത്ത് സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കുക. നിർമാണോദ്ഘാടനം റവന്യു മന്ത്രി കെ. രാജൻ 30-ന് വൈകുന്നേരം അഞ്ചിന് നിർവഹിക്കും. മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയായി പങ്കെടുക്കും. എംപിമാരായ ആന്റോ ആന്റണിയും ജോസ് കെ. മാണിയും പങ്കെടുക്കും.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ദേവസ്വം ബോർഡ് കെട്ടിടത്തിലാണ് ഉദ്ഘാടന സമ്മേളനം നടക്കുക. അന്നേ ദിവസം ജില്ലയിൽ എരുമേലി ഉൾപ്പടെ അഞ്ച് സ്മാർട്ട് വില്ലേജ് ഓഫിസുകൾക്കാണ് മന്ത്രി തറക്കല്ല് ഇടുക. ജില്ലയിൽ ഏറ്റവും വിസ്തൃതി കൂടിയ വില്ലേജ് എരുമേലിയാണ്.
രണ്ട് വില്ലേജ് ഓഫീസാക്കി വിഭജിക്കാൻ ഒട്ടേറെ തവണ ആവശ്യം ഉയർന്നെങ്കിലും ഓഫീസിന് അനുയോജ്യമായ സ്ഥലം കിട്ടിയിരുന്നില്ല. പലയിടത്തും എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ചതിന് ശേഷമാണ് പൊതുമരാമത്ത് അതിഥി മന്ദിരത്തിലെ സ്ഥലം ആലോചിച്ചത്. ഈ അന്വേഷണത്തിൽ അതിഥി മന്ദിരം ഉൾപ്പടെയുള്ള സ്ഥലം റവന്യു രേഖയിൽ നിലച്ചുപോയ പശ്ചിമ ദേവസ്വം വക പേരിൽ ആണെന്ന് അറിഞ്ഞത്. ഇതോടെ സ്ഥലം ഏറ്റെടുക്കാൻ പിന്നെ തടസങ്ങളുണ്ടായില്ല. എരുമേലി ടൗണിൽ ഏറ്റവും അടുത്തുള്ള അനുയോജ്യമായ സ്ഥലം ഇതോടെ ജില്ലാ കളക്ടറുടെ ഉത്തരവിൽ വിട്ടു കിട്ടുകയായിരുന്നു. ഭാവിയിൽ നിർദിഷ്ട വിമാന താവളം പദ്ധതിയുടെ സ്ഥലം എടുപ്പിനും ശബരിമല സീസണിൽ റവന്യു കൺട്രോൾ റൂമിനും പട്ടയം കിട്ടാത്ത എരുമേലിയിലെ വിവിധ പ്രദേശങ്ങൾക്കും ഇവിടെ ഓഫീസ് സമുച്ചയം കൂടി നിർമിക്കാൻ തീരുമാനമായിട്ടുണ്ട്. വില്ലേജ് ഓഫീസിന് അടുത്ത് ഇവ നിർമിക്കാനാണ് തീരുമാനം.1250 ചതുരശ്ര അടിലിയിലാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമിക്കുക. 44 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിർമാണ ചുമതല നിർമിതി കേന്ദ്രത്തിനാണ്.