പാറത്തോട് ജലവിതരണ പദ്ധതിയുടെ കിണറിന്റെ കൽക്കെട്ട് ഇടിഞ്ഞു
കാഞ്ഞിരപ്പള്ളി∙ പാറത്തോട് ജലവിതരണ പദ്ധതിയുടെ സ്രോതസ്സായ കിണറിന്റെ കൽക്കെട്ട് ഇടിഞ്ഞു. മണിമലയാറ്റിൽ നിന്നു കിണറ്റിലേക്ക് വെള്ളം കയറിയതോടെ പമ്പിങ് നിർത്തിവച്ചു. വാട്ടർ അതോറിറ്റിയുടെ കൂവപ്പള്ളി വലിയകയത്തെ പമ്പ് ഹൗസിനോടനുബന്ധിച്ചുള്ള കിണറിന്റെ അടിവശത്തെ കൽക്കെട്ടാണ് ഇടിഞ്ഞത്. കിണറ്റിലേക്ക് വെള്ളം കയറുന്നത് തടയാൻ ആറ്റിലെ ജല നിരപ്പ് താഴുന്നതിനായി വലിയകയം തടയണയുടെ ഷട്ടർ തുറന്നു വിട്ടിരിക്കുകയാണ്.
36 വർഷം പഴക്കമുള്ള പദ്ധതി
വലിയകയത്ത് മണിമലയാറിനോടു ചേർന്നാണ് പാറത്തോട് ജലവിതരണ പദ്ധതിയുടെ ജല സ്രോതസ്സായ കിണർ സ്ഥിതി ചെയ്യുന്നത്. കിണറിന്റെ മുകളിലായാണു പമ്പ് ഹൗസ്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് കിണറിന്റെ കെട്ടിടിഞ്ഞത്. 36 വർഷം പഴക്കമുള്ള കിണറിന്റെ അടിഭാഗത്തെ കരിങ്കൽകെട്ട് മൂന്നു മീറ്ററോളം വ്യാസത്തിൽ ഇടിഞ്ഞു പോയി. കെട്ടിടിഞ്ഞുണ്ടായ വലിയ ദ്വാരത്തിലൂടെ ആറ്റിലെ വെള്ളം കിണറ്റിലേക്കു കയറി. പിന്നീട് പമ്പിങ്ങിനായി മോട്ടർ പ്രവർത്തിപ്പിച്ചപ്പോൾ പമ്പ് ഹൗസിന് ഇളക്കം തട്ടുന്നതിനാലാണു പമ്പിങ് നിർത്തിവച്ചതെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
പുനർനിർമാണം
ഇടിഞ്ഞ ഭാഗം പുനർനിർമിക്കാൻ ആറ്റിലെ ജലനിരപ്പ് താഴണം. ഇതിനായി തടയണ തുറന്നു വിട്ടിരിക്കുകയാണ്. തിങ്കളാഴ്ച മുതൽ പുനർനിർമാണം ആരംഭിക്കുമെന്നു വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
ജലജീവൻ പദ്ധതി
പഞ്ചായത്തിൽ എല്ലാ വീടുകളിലും വെള്ളം എത്തിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ ജലജീവൻ പദ്ധതി പ്രകാരം 65 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തുക വിനിയോഗിച്ച് വലിയകയം പദ്ധതി വിപുലപ്പെടുത്തി പഞ്ചായത്തിലെ എല്ലാ വീടുകളിലും വെള്ളം എത്തിക്കുന്ന പദ്ധതിക്ക് ഭരണാനുമതിയും ലഭിച്ചതായി വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. പുതിയ പദ്ധതി പ്രകാരം വലിയകയത്ത് പുതിയ പമ്പ് ഹൗസും കിണറും സ്ഥാപിച്ച്, കൂരംതൂക്ക് ബൂസ്റ്റർ പമ്പ് ഹൗസിനോടനുബന്ധിച്ചു വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റും ഉൾപ്പെടെ നിർമിക്കുന്നതിനുള്ള പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്. സാങ്കേതികാനുമതി കൂടി ലഭിക്കുന്നതോടെ ടെൻഡർ നടപടികളിലേക്കു കടക്കുമെന്നും വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.