വിശ്വാസ സാഗരമായി അരുവിത്തുറ

അരുവിത്തുറ ∙ തീർഥാടന കേന്ദ്രമായ സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷങ്ങൾ ആരംഭിച്ചു. വല്യച്ചന്റെ തിരുസ്വരൂപം പള്ളിയുടെ മോണ്ടളത്തിൽ പരസ്യ വണക്കത്തിനായി പ്രതിഷ്ഠിച്ചതോടെയാണ് ആഘോഷം തുടങ്ങിയത്. വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. സെബാസ്റ്റ്യൻ നടുത്തടം, ഫാ. ജോസഫ് ഇല്ലത്തുപറമ്പിൽ, ഫാ. ജോസ് കിഴക്കേതിൽ, ഫാ. ആന്റണി തോണക്കര, ഫാ. ജോർജ് പുല്ലുകാലായിൽ എന്നിവർ തിരുസ്വരൂപ പ്രതിഷ്ഠാ കർമങ്ങൾക്കു കാർമികത്വം വഹിച്ചു.

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനു ശേഷം ആരംഭിച്ച തിരുനാളിന് അദ്ഭുതകരമായ തിരക്കാണ് അനുഭവപ്പെടുന്നത്. നൂറുകണക്കിന് ആളുകളാണ് വല്ല്യച്ചനു നേർച്ചകാഴ്ചകൾ സമർപ്പിച്ചു മടങ്ങിയത്. വൈകിട്ട് വല്യച്ചന്റെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണവും നടത്തി.

പ്രധാന തിരുനാൾ ദിനമായ ഇന്നു രാവിലെ 5.30നും 6.45നും ഉച്ചകഴിഞ്ഞ് 3നും 4നും 5.15നും 6.30നും  കുർബാന, നൊവേന. 10.30നു തിരുനാൾ റാസ, 12.30നു കുരിശുംതൊട്ടി ചുറ്റിയുള്ള പകൽ പ്രദക്ഷിണം. രാവിലെ 8നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കുർബാന അർപ്പിച്ചു സന്ദേശം നൽകും.

ഇടവകക്കാരുടെ തിരുനാൾ ദിനമായ നാളെ രാവിലെ 5.30നും 6.45നും 8നും 9.30നും 10.30നും 12നും 1.30നും 2.45നും 4നും കുർബാന, നൊവേന. 5.30നു കോട്ടയം അതിരൂപതാ സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം മലങ്കര കുർബാന അർപ്പിക്കും. തുടർന്ന് തിരുസ്വരൂപ പുനഃപ്രതിഷ്ഠ. എട്ടാമിടമായ മ‌േയ് ഒന്നിന് തിരുനാൾ സമാപിക്കും. രാവിലെ 5.30നും 6.45നും 8നും കുർബാന, നൊവേന. 10നു പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ കുർബാന അർപ്പിക്കും. തുടർന്ന് 11.30നും ഒന്നിനും 2നും 3നും 4നും 6നും കുർബാന.

കൗതുകമായി ദീപാലങ്കാരം

അരുവിത്തുറ ∙ വൈദ്യുതി ദീപാലംകൃതമായി സെന്റ് ജോർജ് ദേവാലയം. വിശുദ്ധ ഗീവർഗീസിന്റെ തിരുനാളിന്റെ ഭാഗമായാണ് ദേവാലയം അണിയിച്ചൊരുക്കിയത്. എൽഇഡി പ്ലാറ്റ്ഫോമിലാണു ‌ദീപാലങ്കാരം. വിവിധ വർണങ്ങൾ ഇടകലർത്തിയ അലങ്കാരത്തിൽ തിരുഹൃദയത്തിന്റെ രൂപവും ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ ദൃശ്യങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ആകെ 300 ദൃശ്യങ്ങൾ മാറിമാറി തെളിയുന്നുണ്ട്. പള്ളിയുടെ പരിസരവും ദീപാലംകൃതമാണ്.

error: Content is protected !!