വക്കച്ചായി; ഉള്ളുറപ്പുള്ള വാക്ക്, തലപ്പൊക്കം
കാഞ്ഞിരപ്പള്ളി ∙ കൃഷിയോ രാഷ്ട്രീയമോ സഹകരണമേഖലയോ എവിടെയുമാകട്ടെ, പൊതുരംഗത്തെ സജീവ സാന്നിധ്യമാണ് കെ.ജോർജ് വർഗീസ് പൊട്ടംകുളം എന്ന വക്കച്ചായി. പതിറ്റാണ്ടുകളായി കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ്. 90–ാം വയസ്സിലും നിലമ്പൂരിലെ എസ്റ്റേറ്റിലേക്കു തനിയെ ഡ്രൈവ് ചെയ്യുന്ന ചങ്കുറപ്പ്.
എന്നും പുലർച്ചെ അഞ്ചിന് ഉണരും. ഏഴോടെ കൃഷിയിടത്തിലേക്ക്. കൃത്യം 10നു ബാങ്കിലെത്തും. അതിനുശേഷം പാർട്ടി പരിപാടികളിലേക്ക്. 1932 ഫെബ്രുവരി 8നു പൊട്ടംകുളം വർക്കി- അന്നമ്മ ദമ്പതികളുടെ 6 മക്കളിൽ രണ്ടാമനായി ജനനം. കാളകെട്ടി അച്ചാമ്മ മെമ്മോറിയിൽ സ്കൂളിലും എറണാകുളം സെന്റ് ആൽബർട്സ് സ്കൂളിലും തേവര സേക്രഡ് ഹാർട്സ് സ്കൂളിലുമായി പഠനം. മദ്രാസ് ലയോള കോളജിൽ ഇന്റർമീഡിയറ്റ് പഠനം. 21-ാം വയസ്സിൽ കരിമ്പനാൽ റോസമ്മയുമായി വിവാഹം.
∙കർഷകർക്കൊപ്പം
25 ഏക്കർ പുരയിടത്തിലെ എല്ലാ കൃഷിയിലും റബർ എസ്റ്റേറ്റിലും വക്കച്ചായിയുടെ സജീവ സാന്നിധ്യമുണ്ട്. കൊക്കോയ്ക്ക് വിലയിടിഞ്ഞ് കർഷകർ നട്ടം തിരിഞ്ഞ കാലത്ത് വക്കച്ചായി ആന്ധ്രയിലേക്കു വണ്ടി കയറി. ചോക്ലേറ്റ് നിർമിക്കുന്ന കാംപ്കോ കമ്പനിയുടെ കലക്‌ഷൻ സെന്റർ കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തേക്കു കൊണ്ടുവന്നു. വക്കച്ചായിയെ കമ്പനിയുടെ ഭരണസമിതിയംഗമായും ചേർത്തതോടെ കർഷകർക്ക് ന്യായവില ലഭിച്ചു തുടങ്ങി. കാഞ്ഞിരപ്പള്ളി കൃഷിഭവനു വേണ്ടി സ്വന്തം സ്ഥലം സൗജന്യമായി വിട്ടുകൊടുത്തു.
∙നേതൃനിരയിൽ
കോൺഗ്രസ് പ്രവർത്തകനായി 1955ൽ രാഷ്ട്രീയ പ്രവേശം. വിമോചനസമര കാലത്ത് സജീവമായി. 1962ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1964ൽ കേരള കോൺഗ്രസിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളായി. മണ്ഡലം പ്രസിഡന്റും പിന്നീട് 1980 മുതൽ 40 വർഷം നിയോജകമണ്ഡലം പ്രസിഡന്റുമായി. 1962 മുതൽ 35 വർഷം കാഞ്ഞിരപ്പള്ളി പഞ്ചായത്തംഗമായിരുന്നു. 1984 മുതൽ 96 വരെ പഞ്ചായത്ത് പ്രസിഡന്റ്. ക്രിംസ്, കോട്ടയം ജില്ലാ സഹകരണ ബാങ്ക്, കാംപ്കോ, മാർക്കറ്റിങ് ഫെഡറേഷൻ, അഭയഭവൻ, റോട്ടറി ക്ലബ് എന്നിവയുടെ ഭരണനേതൃത്വത്തിലും പ്രവർത്തിച്ചു.
∙സഹകരണ മേഖല
1971 മുതൽ മുതൽ കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ ഭരണസമിതിയംഗമാണ്. 1977 മുതൽ 11 വർഷം ബാങ്ക് പ്രസിഡന്റായി പ്രവർത്തിച്ചു. 1996ൽ ബാങ്ക് പ്രസിഡന്റ് സ്ഥാനത്ത് വീണ്ടും എത്തിയ ജോർജ് വർഗീസ് ഈ പദവിയിൽ ഇപ്പോഴും തുടരുകയാണ്. 18-ാം വയസ്സിൽ പിതാവിന്റെ ജർമൻ നിർമിത കാറിൽ തുടങ്ങിയതാണ് ഡ്രൈവിങ്. 70-ാം പിറന്നാളിനു മക്കൾ സമ്മാനമായി നൽകിയ കാറിലാണ് ഇപ്പോൾ യാത്ര. 20 വർഷം കൊണ്ട് 5 ലക്ഷം കിലോമീറ്ററിലധികം ദൂരം ആ വാഹനം ഓടിച്ചു .
∙പ്രിയം പഴമയോട്
കാലം മാറിയെങ്കിലും പഴമകളെ കൈവിടാതെയാണു വക്കച്ചായിയുടെ പ്രയാണം. 125 വർഷം പഴക്കമുള്ള തറവാട് ഇപ്പോഴും തനിമ നിലനിർത്തി കാത്തുസൂക്ഷിക്കുന്നു. മുറ്റത്ത് 150 വർഷമായ ചക്കരമാവ്. തൊടിയിലെ മരത്തിൽ ഏറുമാടം. പഴയ അറയും നിരയുമുള്ള വീടുകൾ വാങ്ങി സ്വന്തം പറമ്പിലും, എസ്റ്റേറ്റിലും അതേപടി സ്ഥാപിച്ചിട്ടുമുണ്ട്. മക്കൾ 6 പേർ: അന്നമ്മ തോമസ്, ഷീല ഇമ്മാനുവൽ, വർക്കി ജോർജ് (ചാർട്ടേഡ് അക്കൗണ്ടന്റ്), തോമസ് ജോർജ് (ചാർട്ടേഡ് അക്കൗണ്ടന്റ്), റാണി ജോണി, ശാന്തി കുര്യൻ മരുമക്കൾ: തോമാച്ചൻ അക്കരക്കളം ആലപ്പുഴ, കുട്ടപ്പൻ രാമപുരം കൂർഗ്, ടെസ്സു കളരിക്കൽ, കാത്തി തച്ചിൽകാഞ്ഞിരക്കാട്, ജോണി വാരിയംപറമ്പിൽ എറണാകുളം, കുര്യൻ വടക്കേക്കളം ആലപ്പുഴ.