ഈരാറ്റുപേട്ട– വാഗമൺ റോഡ് റീടാറിങ് ജോലികൾക്കു തുടക്കം

ഈരാറ്റുപേട്ട ∙ മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ദുരിതയാത്രയ്ക്ക് അവസാനമാകുന്നു. ഈരാറ്റുപേട്ട–വാഗമൺ റോഡിന്റെ റീടാറിങ് ജോലികൾക്കു തുടക്കമായി. ആദ്യഘട്ടത്തിൽ ഈരാറ്റുപേട്ട എംഇഎസ് ജംക്‌ഷൻ മുതൽ തീക്കോയി വരെയുള്ള ഭാഗമാണ് ടാർ ചെയ്യുന്നത്. എംഇഎസ് ജംക്‌ഷനിൽ ഇന്നലെ രാവിലെ ടാറിങ് ജോലികൾ ആരംഭിച്ചു. തീക്കോയി വരെ ആദ്യ 6 കിലോമീറ്റർ ബിഎം നിലവാരത്തിലാണ് പൂർത്തിയാക്കുക. ബാക്കി ഭാഗം കുഴിയടയ്ക്കൽ ജോലികളാണ് അടിയന്തരമായി നടത്തുക. ഈ പണികൾ ഈ മാസം കൊണ്ട് പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള ജോലികൾ പിന്നീട് നടക്കും.

7 വർഷമായി തകർന്നു കിടക്കുന്ന റോഡ് റീടാറിങ് ജോലികൾ പലതവണ പ്രഖ്യാപിക്കപ്പെട്ടെങ്കിലും അനന്തമായി നീളുകയായിരുന്നു. ഒന്നര മാസം മുൻപ് വകുപ്പ് മന്ത്രി നേരിട്ടെത്തി ഉദ്ഘാടനം ചെയ്തെങ്കിലും പണികൾ വീണ്ടും വൈകിയത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. 23 കിലോമീറ്റർ നീളമുള്ള ഈരാറ്റുപേട്ട എംഇഎസ് വാഗമൺ വഴിക്കടവ് റോഡ് നവീകരണത്തിന് 3 വർഷം മുൻപാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി 64 കോടി രൂപ വകയിരുത്തിയത്. കിഫ്ബി പദ്ധതി പ്രകാരം റോഡിന് 12 മീറ്റർ വീതി ആവശ്യമാണ്.

കോടതി നടപടികൾ പൂർത്തിയായി സർവേ നടത്തി സ്ഥലം ഏറ്റെടുത്തു റോഡ് വികസിപ്പിക്കുന്നതിനു കാലതാമസം നേരിടുമെന്നു കണ്ട് 6 മാസം മുൻപാണ് പൊതുമരാമത്ത് വകുപ്പ് റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണിക്ക് 19.9 കോടി രൂപ അനുവദിച്ചത്. ഫെബ്രുവരി 25ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർമാണോദ്ഘാടനം നടത്തി.

സ്ഥലം ഏറ്റെടുത്ത് റോഡ് പുനർനിർമാണത്തിന് കാലതാമസം വരും എന്നതിനാൽ അടിയന്തരമായി റോഡ് റീ ടാർ ചെയ്യുന്നതിന് 19.9 കോടിയാണ് അനുവദിച്ചിരിക്കുന്നത്.  ഈ തുക ഉപയോഗിച്ച് ബിഎം റീ ടാറിങ്ങാണു ലക്ഷ്യം. വീതി കൂട്ടി റോഡ് നവീകരിക്കുന്നതിന് കിഫ്ബി മുഖേന അനുവദിച്ചിരിക്കുന്ന 63.99 കോടി രൂപ ഉപയോഗിച്ചുള്ള പണികൾ പിന്നീട് നടത്തും.

error: Content is protected !!