ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം നിർത്താതെപോയ കാർ കാഞ്ഞിരപ്പള്ളി ടൗണിൽ വച്ച് പഞ്ചായത്ത് വാർഡംഗത്തിന്റെ നേതൃത്വത്തിൽ പിടികൂടി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-തമ്പലക്കാട് റോഡിൽ ബൈക്ക് യാത്രികനെ ഇടിച്ചിട്ടിട്ട് നിർത്താതെ പോയ കാർ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
വഞ്ചിമല വളവനാനിക്കൽ അരുൺ മോഹനന് (32) അപകടത്തിൽ പരിക്കേറ്റു. കാലിന് സാരമായി പരിക്കേറ്റ അരുണിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
തിങ്കളാഴ്ച രാത്രി 7.30-ന് തമ്പലക്കാട് ക്ഷേത്രത്തിന് മുൻപിലാണ് അപകടമുണ്ടായത്. കാഞ്ഞിരപ്പള്ളിയിൽനിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന അരുണിനെ തെറ്റായ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിച്ചിട്ടതിനുശേഷം കാർ നിർത്താതെ പോയതോടെ സുഹൃത്തും കാഞ്ഞിരപ്പള്ളിയിലെ വാർഡംഗവുമാായ ബിജു പത്യാലയെ വിളിച്ച് കാര്യം അറിയിച്ചു.
തുടർന്ന് വാർഡംഗവും സുഹൃത്തുകളും ചേർന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്ന് കാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വാഹനവും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുമെന്ന് പോലീസ് അറിയിച്ചു.