‘മുഖമില്ലാത്തവരുടെ മുഖം’; ബേബിച്ചൻ എർത്തയിലിന്റെ പുസ്തകത്തെ ആസ്‍പദമാക്കി സിസ്‌റ്റർ റാണി മരിയയുടെ ജീവിതം വെള്ളിത്തിരയിലേക്ക്..
‘
കാഞ്ഞിരപ്പള്ളി : ഭാരത കത്തോലിക്കാ സഭയിലെ പ്രഥമ വനിതാ രക്‌തസാക്ഷി, വാഴ്‌ത്തപ്പെട്ട സിസ്‌റ്റർ റാണി മരിയയുടെ ജീവിതം ഇതിവൃത്തമാക്കി ബോളിവുഡ് ചലച്ചിത്രം ഒരുങ്ങുന്നു. “ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്” (മുഖമില്ലാത്തവരുടെ മുഖം) എന്ന സിനിമ ചിത്രം ഹിന്ദിയിലാകും ആദ്യം തിയറ്ററുകളിലെത്തുക. ഓഗസ്റ്റിൽ ചിത്രം റിലീസ് ചെയ്‌യും. തുടർന്ന് മലയാളം, സ്പാനിഷ്, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ മൊഴിമാറ്റി പ്രദർശിപ്പിക്കും. സിനിമയുടെ ടൈറ്റിൽ ലോഞ്ചിങ് ഏപ്രിൽ 25-നു എറണാകുളത്ത് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു . ഹൈബി ഈഡൻ എംപി, റോജി എം ജോൺ എംഎൽഎ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
പ്രമുഖ സാമൂഹിക പ്രവർത്തകനും, എഴുത്തുകാരനുമായ കാഞ്ഞിരപ്പള്ളി സ്വദേശി ബേബിച്ചൻ എർത്തയിൽ എഴുതിയ സിസ്റ്റർ റാണി മരിയയതുടെ രണ്ട് ജീവചരിത്ര പുസ്‌തകങ്ങള്‍ അവലംബമാക്കിയാണു സിനിമയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. അദ്ദേഹം സിനിമയിൽ ചെറിയ ഒരു വേഷം ചെയ്തിട്ടുമുണ്ട്.
ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ ആദിവാസി സ്‌ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ച സിസ്‌റ്റര്‍ റാണി മരിയയെ സമന്ദർ സിങ് എന്നയാള്‍ കൊലപ്പെടുത്തുകയായിരുന്നു. സിനിമയില്‍ സിസ്‌റ്റര്‍ റാണി മരിയയായി വേഷമിടുന്നതു പ്രമുഖ യുവനടി വിന്‍സി അലോഷ്യസാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്കു അല്‍ഫോണ്‍സ് ജോസഫ് സംഗീതം നല്‍കുന്നു. മുംബൈ കേന്ദ്രീകരിച്ചു സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്ന ഡോ. ഷെയ്‌സണ്‍ പി. ഔസേഫാണു സംവിധാനം. കാമറ: മഹേഷ് ആനെ. തിരക്കഥ: ജയ്‌പാല്‍ അനന്തന്‍. ട്രൈ ലൈറ്റ് ക്രീയേഷൻസിന്റെ ബാനറിൽ സാന്ദ്ര ഡിസൂസ ചിത്രം നിർമ്മിക്കുന്നു.15 സംസ്ഥനങ്ങളിൽ നിന്നും, 80 – ൽ പരം നടീനടന്മാർ ചിത്രത്തിൽ അഭിനയിക്കുന്നു .
നാലര കോടിയിലധികം രൂപ ചിലവിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രരംഭ ജോലികള്‍ 2018-ല്‍ ആരംഭിച്ചെങ്കിലും കോവിഡ് കാരണം ചിത്രീകരണം വൈകിയിരുന്നു. എങ്കിലും പ്രതിസന്ധികളെ അതിജീവിച്ച്, സിനിമയുടെ ചിത്രീകരണം പൂർത്തിയായി, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.
ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്‌റ്റ് സന്യാസിനീ സമൂഹത്തിലെ അംഗമായ സിസ്‌റ്റര്‍ റാണി മരിയ പാവപ്പെട്ടവരെ അടിച്ചമര്‍ത്തലില്‍ നിന്നും ചൂഷണത്തില്‍ നിന്നും രക്ഷിക്കുന്നതിനു മധ്യപ്രദേശിലെ ഇന്‍ഡോര്‍- ഉദയ്‌നഗര്‍ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിച്ചിരുന്നത്. അവിടെ പ്രേഷിത ശുശ്രൂഷ നടത്തവേ, 1995 ഫെബ്രുവരി 25-നു കൊല്ലപ്പെട്ടു. ഫ്രാന്‍സിസ് മാര്‍പാപ്പ 2017 നവംബര്‍ നാലിനു വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.