എരുമേലി തെക്ക് വില്ലേജ് ഓഫീസ് നിർമാണ ഉദ്ഘാടനവും പട്ടയ വിതരണവും ശനിയാഴ്ച
എരുമേലി: എരുമേലി തെക്ക് വില്ലേജ് ഓഫീനായി പുതിയ കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനവും കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ പട്ടയ വിതരണവും എരുമേലിയിൽ ശനിയാഴ്ച അഞ്ചിന് മന്ത്രി കെ. രാജൻ നിർവഹിക്കുമെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
എരുമേലി പൊതുമരാമത്ത് വകുപ്പിന്റെ അതിഥി മന്ദിരത്തിന് സമീപം പത്ത് സെന്റ് സ്ഥലമാണ് വില്ലേജ് ഓഫീസ് കെട്ടിടത്തിനായി അനുവദിച്ചിട്ടുള്ളത്. സ്മാർട് വില്ലേജ് ഓഫീസ് നിലവാരത്തിൽ 44-ലക്ഷം രൂപ ചിലവിൽ സംസ്ഥാന നിർമിതി കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് നിർമാണം.
കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, പാലാ, കടുത്തുരുത്തി നിയോജക മണ്ഡലങ്ങളിലെ അർഹരായ 88 ഭൂവുടമകൾക്കുള്ള പട്ടയ വിതരണവും മന്ത്രി നിർവഹിയ്ക്കും. എരുമേലി ദേവസ്വം ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഗവ. ചീഫ് വിപ്പ് എൻ. ജയരാജ് അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി, അനിശ്രീ സാബു, നാസർ പനച്ചി, സുനിമോൾ, വി.പി. സുഗതൻ, ഇ.ജെ. ബിനോയി തുടങ്ങിയവർ പങ്കെടുത്തു.