വിദ്വേഷ പ്രസംഗവുമായി പി.സി. ജോര്‍ജ്; പരാതി നൽകി യൂത്ത് ലീഗ്..കേസെടുത്ത് പോലീസ് ..
കാഞ്ഞിരപ്പള്ളി : ഹിന്ദു മഹാസമ്മേളനത്തിൽ വെച്ച് മുൻ പൂഞ്ഞാർ എം.എൽ.എ. പി.സി. ജോർജ് നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ പോലീസ് കേസെടുത്തു. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കേസെടുത്തത്. വിവാദ പ്രസംഗത്തിനെതിരെ നിരവധിപേർ പരാതി നൽകിയിരുന്നു. കച്ചവടം ചെയ്യുന്ന മുസ്ലിങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവ്വം കലർത്തുന്നു തുടങ്ങിയ ആരോപണങ്ങളാണ് പിസി ജോർജ് ഉന്നയിച്ചത്.
ഹിന്ദു മഹാപരിഷത്തിന്റെ തിരുവനന്തപുരത്ത് വെച്ച് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു പി.സി. ജോര്‍ജിന്റെ വിവാദപ്രസംഗം.
പി.സി. ജോർജിന്റെ പ്രസംഗം മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കും മുസ്ലിങ്ങൾക്കും ഇടയിൽ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും കാരണമാകുന്നുവെന്ന് യൂത്ത് ലീഗ് നൽകിയ പരാതിയിൽ പറയുന്നു.
“കച്ചവടം ചെയ്യുന്ന മുസ്ലിങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവ്വം കലർത്തുന്നു, മുസ്ലിങ്ങൾ അവരുടെ ജനസംഖ്യ വർദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിങ്ങളായ കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു.” തുടങ്ങിയ കടുത്ത ആരോപണങ്ങളാണ് പി.സി. ജോർജ് പ്രസംഗത്തില്‍ ഉന്നയിച്ചതെന്ന് പരാതിയിൽ പറയുന്നു.
സംഭവത്തിൽ പി.സി. ജോർജ്ജിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കുമാണ് യൂത്ത് ലീഗ് പരാതി നൽകിയത്. പി.സി. ജോർജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ ഷാഫി പറമ്പിൽ എം.എൽ.എയും രംഗത്തെത്തി. തമ്മിലടിപ്പിക്കൽ ശ്വാസവായുവും തൊഴിലുമാക്കിയ പി.സി. ജോർജ്ജിനെ കേസെടുത്ത് ജയിലിലിടാൻ പോലീസ് തയ്യാറാകണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.