പരിസ്ഥിതിലോല പട്ടികയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ആയിരങ്ങൾ കൊല്ലമുള വില്ലേജ് ഓഫിസ് ഉപരോധിച്ചു
മുക്കൂട്ടുതറ : കൊല്ലമുള വില്ലേജിനെ പരിസ്ഥിതിലോല പട്ടികയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ആയിരങ്ങൾ കൊല്ലമുള വില്ലേജ് ഓഫിസ് ഉപരോധിച്ചു. സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നാട്ടുകാർ ഒന്നടങ്കം സമരത്തിൽ അണിനിരന്നതോടെ വൻ ജനകീയ പ്രതിഷേധം ഇരമ്പി. കൊല്ലമുള വില്ലേജ് ഓഫിസ് പടിക്കൽ തിങ്കളാഴ്ച നടന്ന ഉപരോധസമരം ഒരു നാടിന്റെ ചെറുത്തുനിൽപ്പിന്റെ സൂചനയായി മാറി.
കൊല്ലമുള വില്ലേജിനെ പരിസ്ഥിതിലോല പട്ടികയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചായിരുന്നു സൂചനാ ഉപരോധ സമരം. കൊല്ലമുള വില്ലേജ് പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചതോടെ വെച്ചൂച്ചിറ പഞ്ചായത്തിലെ 10 വാർഡുകൾ പൂർണ്ണമായും ഒരു വാർഡ് ഭാഗികമായും പെരുനാട് പഞ്ചായത്തിലെ നാല് വാർഡുകൾ പൂർണമായും പരിസ്ഥിതിലോല പ്രദേശത്തിന്റെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ്. പരിസ്ഥിതിലോല പട്ടികയിൽ നിന്നും പ്രദേശത്തെ നീക്കിയില്ലെങ്കിൽ വലിയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് സമര സമിതി നേതാക്കൾ പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകി. മുക്കൂട്ടുതറയിൽനിന്നും ചാത്തൻതറയിൽ നിന്നുമായി ആരംഭിച്ച പ്രതിഷേധപ്രകടനത്തിൽ നാടൊന്നാകെ പങ്കെടുത്തു.
വില്ലേജ് ഓഫിസ് പടിക്കൽ പ്രകടനം സമാപിച്ച ശേഷം നടന്ന ഉപരോധ സമരം വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് ഉദ്ഘാടനം ചെയ്തു.
സമര സമിതി കൺവീനർ ആർ .വരദരാജൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ അലക്സ്, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷൻ സതീഷ് പണിക്കർ, പഞ്ചായത്ത് അംഗങ്ങളായ ഇ വി വർക്കി, രമാദേവി, പൊന്നമ്മ ചാക്കോ, പി എച്ച് നഹാസ്, റെസി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. വിപുലമായ പോലിസ് സന്നാഹമാണ് ഏർപ്പെടുത്തിയിരുന്നത്.