‘ക്ലീന്‍ പാറത്തോട് ഗ്രീന്‍ പാറത്തോട് ’
പാറത്തോട്: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ശുചിത്വ യത്നം 2022 പദ്ധതിയുടെ ഭാഗമായുള്ള “തെളിനീരൊഴുകും നവകേരളം’ പരിപാടിയുടെ പഞ്ചായത്തു തല ഉദ്ഘാടനം നാളെ രാവിലെ 10ന് മലനാട് ജംഗ്ഷനില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഡയസ് മാത്യു കോക്കാട്ട് അധ്യക്ഷത വഹിക്കും.
ആദ്യ ഘട്ടമായി മലനാട് മുതല്‍ 26ാം മൈല്‍ ചങ്ങല പാലം വരെയുള്ള തോടും ചോറ്റി ത്രിവേണി മുതല്‍ ചിറ്റടി ചണ്ണത്തോട് വരെയുള്ള തോടും നവീകരിക്കും. സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, എന്‍എസ്എസ് വോളണ്ടിയേഴ്സ്, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ഇറിഗേഷന്‍ വകുപ്പിന്റെ ചുമതലയില്‍ തോടുകളില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും മണലും നീക്കം ചെയ്യുന്നതിനുള്ള നടപടികളും അന്നേ ദിവസം ആരംഭിക്കുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡയസ് മാത്യു കോക്കാട്ട് അറിയിച്ചു.