വാഴുരിൽ സംഭവിച്ചതെന്ത്? വേനൽച്ചുഴലിക്ക് പിന്നിൽ താപതരംഗ പ്രഭാവമോ ?
ചൂട് കൂടിയാൽ കാറ്റടിക്കും, മിന്നലോടെ മഴ പെയ്യും. ഇതു ലളിതമായ ശാസ്ത്രം. ഉത്തരേന്ത്യയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന താപതരംഗം കേരളത്തിലേക്കും എത്തുന്നുവോയെന്നു സംശയിക്കത്തക്ക വിധത്തിലാണ് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം. വാഴൂരിലും പരിസര പ്രദേശങ്ങളിലും വീശിയടിച്ച കാറ്റ് ഉത്തരേന്ത്യൻ വേനൽച്ചുഴലിയുടെ കേരള പതിപ്പാണ്. ഒരുതരം കുട്ടിച്ചുഴലി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഉഷ്ണകാലത്താണ് ഉത്തരേന്ത്യയിൽ ‘കൽ ബൈശാഖി’ എന്നറിയപ്പെടുന്ന വേനൽക്കാറ്റ് വീശുന്നത്. ചുട്ടുപൊള്ളി നിൽക്കുന്ന അന്തരീക്ഷത്തിലേക്കു പശ്ചിമേഷ്യയിൽ നിന്നുള്ള കാറ്റ് എത്തുമ്പോഴാണ് ‘കൽ ബൈശാഖി’ രൂപം കൊള്ളുന്നത്. ഇത്തരമൊരു പ്രാദേശിക വേനൽകാറ്റാകാം വാഴൂരിൽ നാശം വിതച്ചതെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അനുമാനം.
കേരളത്തെ സംബന്ധിച്ച് ഇതു പുതിയ അന്തരീക്ഷ പ്രതിഭാസമാണ്. ഇതിനു പിന്നിൽ കാലാവസ്ഥാ മാറ്റവും. ആഗോള– പ്രാദേശിക അതിതാപനത്തിന്റെ ഫലമായി ഒരു ചെറിയ പ്രദേശത്തു മാത്രം നാശംവിതയ്ക്കുന്ന കാറ്റ് ഇപ്പോൾ നമ്മുടെ നാട്ടിലും പതിവായി. കഴിഞ്ഞ വർഷം ജൂലൈ 13നു പത്തനംതിട്ട ജില്ലയിലെ തടിയൂർ പ്രദേശത്ത് ഇതേ പോലെ വീശിയ കാറ്റ് രണ്ടു പഞ്ചായത്തുകളിൽ കനത്ത നാശം വിതച്ചു. മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ രണ്ടേകാൽ മാസത്തിനിടെ പതിവിലും 95 ശതമാനം മഴ അധികം ലഭിച്ചെങ്കിലും കോട്ടയവും പത്തനംതിട്ടയും ചൂടിന്റെ കോട്ടയായി തുടരുന്നു.
അസാനിയുടെ കലിയിൽ വാഴൂരും
കനത്ത ചൂട് മൂലമുള്ള വേനൽക്കാറ്റിനു പശ്ചാത്തലം ഒരുങ്ങി നിൽക്കുമ്പോഴാണ് ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ച രാത്രിയോടെ ‘അസാനി’ എന്ന പേരിൽ പുതിയൊരു വമ്പൻ ചുഴലിക്കാറ്റ് രൂപപ്പെട്ടത്. കേരളത്തെ കാര്യമായി ബാധിക്കാത്ത ഈ ചുഴലിക്കാറ്റിലേക്ക് അറബിക്കടലിൽ നിന്നുള്ള നീരാവി നിറഞ്ഞ മേഘങ്ങളും ആകർഷിക്കപ്പെടുക സ്വാഭാവികം. ഈ തണുത്ത മേഘങ്ങൾ കിഴക്കോട്ടു സഞ്ചരിക്കുന്നതിനിടെ ആലപ്പുഴ– എറണാകുളം– കോട്ടയം ജില്ലകൾക്കു മീതേ മഴയായി പെയ്തിറങ്ങി. 37 ഡിഗ്രി സെൽഷ്യസിൽ തിളച്ചു മറിഞ്ഞു നിൽക്കുകയാണ് കോട്ടയം ഉൾപ്പെടെ മധ്യകേരളം. ഈ ചൂടിലേക്കു തണുത്ത വായു എത്തുമ്പോൾ കാറ്റിനു വേഗം കൂടും. മിന്നലും മഴയും ഉണ്ടാകും.
അസാനിയിലേക്കു സഞ്ചരിച്ച മഴമേഘങ്ങളും പ്രാദേശികമായ ചൂടും തൽഫലമായ വേനൽക്കാറ്റും ചേർന്നപ്പോൾ കോട്ടയത്തിനു മീതേ അസാധാരണവും ശക്തവുമായ കാറ്റ് രൂപമെടുക്കുകയായിരുന്നു. സംഹാരശേഷി വർധിക്കാൻ കാരണം ഇതാവാം. ‘അസാനി’ എന്നാൽ സിംഹള ഭാഷയിൽ കോപാഗ്നി എന്ന് അർഥം. കാറ്റിനു പേരിട്ടത് ശ്രീലങ്കയാണ്. അസാനിയുടെ കോപത്തിന് ഇരയായത് വാഴൂരും