വേനൽച്ചുഴലിയുടെ താണ്ഡവം: വാഴൂർ എസ്ആർവി സ്കൂളിൽ 20 ലക്ഷം രൂപയുടെ നഷ്ടം, പ്രദേശത്ത് 47 ലക്ഷം രൂപയുടെ കൃഷി നാശം
വാഴൂർ: വാഴൂർ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ കൊടുംകാറ്റിൽ വാഴൂർ എസ്ആർവി എൻഎസ്എസ് സ്കൂളിന് 20 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതായി കണക്കാക്കുന്നു. കാറ്റിൽ ഓപ്പൺ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര 200 മീറ്റർ ദൂരേക്ക് തെറിച്ചുപോയിരുന്നു. സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നതും കെട്ടിടത്തിലെ 11 ഷീറ്റ് തകർന്നതുമാണ് ഇത്രയും നഷ്ടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.
വാഴൂരിലും പരിസര പ്രദേശങ്ങളിലും വീശിയടിച്ച കാറ്റ് ഉത്തരേന്ത്യൻ വേനൽച്ചുഴലിയുടെ കേരള പതിപ്പായ ഒരുതരം കുട്ടിച്ചുഴലിയായിരുന്നു. കേരളത്തെ സംബന്ധിച്ച് ഇതു പുതിയ അന്തരീക്ഷ പ്രതിഭാസമാണ്. ഇതിനു പിന്നിൽ അപ്രതീക്ഷിത കാലാവസ്ഥാ മാറ്റമാണ് കാരണം. ആഗോള– പ്രാദേശിക അതിതാപനത്തിന്റെ ഫലമായി ഒരു ചെറിയ പ്രദേശത്തു മാത്രം നാശംവിതയ്ക്കുന്ന ശക്തമായ കാറ്റ് ഇപ്പോൾ നമ്മുടെ നാട്ടിലും എത്തിയത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി.
വാഴൂരിൽ കാറ്റിന്റെ താണ്ഡവത്തിൽ 47 ലക്ഷം രൂപയുടെ കൃഷി നാശം സംഭവിച്ചതായി കൃഷിവകുപ്പ് അധികൃതർ അറിയിച്ചു.
ടാപ്പ് ചെയ്യുന്നതും അല്ലാത്തതുമായ 2,780 റബർ മരങ്ങൾ നശിച്ചു. കാർഷികവിളകളായ ജാതി, വാഴ, ചേന, കൊക്കോ എന്നിവയും നശിച്ചിട്ടുണ്ട്. ആഞ്ഞിലി, പ്ലാവ്, തേക്ക് തുടങ്ങിയവയുടെ കണക്ക് ഇതിൽ ഉൾപ്പെട്ടിട്ടില്ല.
കൃഷിനാശം സംഭവിച്ച കർഷകർ കൃഷിവകുപ്പിന് ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നു കൃഷി ഓഫീസർ ജി. അരുൺകുമാർ അറിയിച്ചു. കൊടുകാറ്റിൽ പ്രദേശത്ത് 55 വൈദ്യുതിത്തൂണുകള്‍ നിലംപൊത്തിയതോടെ വൈദ്യുതി വിതരണം നിലച്ചുപോയിരുന്നുവെങ്കിലും, ചൊവ്വാഴ്‌ച പ്രദേശത്തെ വൈദ്യുതിബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചു.