എരുമേലി കരിമ്പിൻതോട് വനപാതയിൽ അപകട പരമ്പര ; ഒരേ റോഡിൽ നാല് വാഹനങ്ങൾ അപകടത്തിൽ പെട്ടു

എരുമേലി : ഒരേ റോഡിൽ രണ്ട് സ്ഥലത്തായി നാല് വാഹനങ്ങൾ അപകടത്തിൽ പെട്ടു. വാനും മിനി ലോറിയും ഇടിച്ചാണ് ഒരു അപകടം. കാറുകൾ തമ്മിൽ ഇടിച്ചാണ് അടുത്ത അപകടം. കാറുകൾ ഇടിച്ചുണ്ടായ അപകടത്തിൽ റോഡിലൂടെ ഓയിൽ പരന്ന് ഒഴുകിയത് മറ്റ്‌ വാഹനങ്ങൾക്ക് അപകട സാധ്യത സൃഷ്ടിച്ചു. ഫയർ ഫോഴ്സ് എത്തി ഓയിൽ കഴുകി നീക്കി. അമിത വേഗതയും ഓവർടേക്കിങ്ങും ആണ് അപകടത്തിലേക്ക് എത്തിച്ചത്.

ഇന്നലെ രാവിലെ എരുമേലി റാന്നി റോഡിൽ കരിമ്പിൻതോട് വനപാതയിൽ ആണ് സംഭവം. കരിമ്പിൻതോട് ഫോറസ്ററ് ഗാർഡ് സ്റ്റേഷന് സമീപവും വനപാതയിൽ മുക്കടയ്ക്ക് അടുത്തുമാണ് അപകടങ്ങൾ. മല്ലപ്പള്ളിയിലേക്ക്‌ കോഴിക്കുഞ്ഞുങ്ങളുമായി പോയ വാനും ഇടുക്കി തൂക്കുപാലത്തേക്ക് വീട്ടുസാധനങ്ങളുമായി വന്ന ലോറിയുമാണ് ഗാർഡ് സ്റ്റേഷൻ ഭാഗത്ത്‌ ഇടിച്ചത്. വാഹനങ്ങളിലെ ഡ്രൈവർ, സഹായി ഉൾപ്പെടെ മൂന്ന് പേരെ നിസാര പരിക്കുകളോടെ എരുമേലിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടവേര കാറും സ്വിഫ്റ്റ് കാറും തമ്മിൽ ഇടിച്ചാണ് വനപാതയിൽ അപകടമുണ്ടായത്. ആർക്കും കാര്യമായ പരിക്കുകളില്ല. രണ്ട് അപകടങ്ങളിലും വാഹനങ്ങൾ തകർന്നു. എരുമേലി പോലിസ്, കാഞ്ഞിരപ്പള്ളി അഗ്നിശമന സേന സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു .

error: Content is protected !!