ജപ്തിയല്ല, കൂട്ടിക്കലിന് വേണ്ടത് കൈത്താങ്ങ്തൊഴിലില്ല, പലരും നാടുവിടുന്നു

27/05/2022 

കൂട്ടിക്കലിൽ വീടും ഭൂമിയും പോയവർക്ക് മുഴുവനും നഷ്ടപരിഹാരം നൽകിയിട്ടില്ല. വീടുകൾക്കുമാത്രം നാശമുണ്ടായവരും ആശ്വാസധനം കാത്തിരിക്കുന്നു. 11 പേർ മരിച്ചതിൽ ഏഴുപേരുടെ ആശ്രിതർക്ക് സഹായം കിട്ടി. 20 കോടി രൂപയുടെ കൃഷിനാശമാണ് പ്രദേശത്തുണ്ടായത്.

2021 ഒക്ടോബറിലുണ്ടായ ഉരുൾപൊട്ടലിൽ പ്രദേശം ആകെ തകർന്നു. പാലങ്ങളും കലുങ്കുകളും തകർന്ന നിലയിൽത്തന്നെ.

ഇതിനിടയിലാണ് ദുരിതബാധിതർക്ക് ഇരുട്ടടിയായി ജപ്തി നോട്ടീസുകൾ വരുന്നത്. ഉരുൾപൊട്ടലിൽ തോട്ടങ്ങളിൽ കനത്ത നാശമുണ്ടായതോടെ തൊഴിൽ കുറഞ്ഞു; വരുമാനവും. ബ്ലാക്കര-ഇളംകാട് ടോപ്പ് റോഡിലെ പാലം തകർന്നത് വലിയ യാത്രാപ്രശ്നമായി. പുറത്ത് തൊഴിലിന് പോകാൻ കഴിയാത്ത അവസ്ഥ.

പ്രദേശവാസികൾ അവരുടെ ജീവിതം പറയുന്നു

രക്ഷതന്നെ അദ്‌ഭുതകരം 

അന്ന് ഉരുൾപൊട്ടി വീടിന് പിന്നിലേക്ക് വലിയ വെള്ളമൊഴുക്ക് വന്നതോടെ ഒരുകണക്കിനാണ് പുറത്തിറങ്ങി രക്ഷപ്പെട്ടതെന്ന് ഇളംകാട് ഇൗട്ടിങ്കൽ സൗദാമിനി പറയുന്നു. തകർന്ന വീട് സ്വന്തം ചെലവിൽ നന്നാക്കി. സർക്കാർ സഹായം കിട്ടിയില്ല. അഞ്ചുദിവസം മാറിത്താമസിച്ചു. 13 സെന്റ് ഭൂമിയാണുള്ളത്. അത് ഉപയോഗയോഗ്യമല്ലാതായി. മീനച്ചിൽ അർബൻ ബാങ്കിന്റെ ശാഖയിൽനിന്ന് മൂന്നുലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇപ്പോൾ നോട്ടീസ് ലഭിച്ചിട്ടുണ്ട്. തോട്ടം തൊഴിലാളിയായിരുന്നു. ഹൃദയത്തിന് അസുഖം വന്നതോടെ ജോലിക്ക് പോകാതായി. ഭർത്താവിനും മക്കൾക്കും പഴയതുപോലെ ജോലിയില്ല. ഇപ്പോൾ തൊഴിലുറപ്പിന് പോകുന്നുണ്ട്-അവർ പറഞ്ഞു.

ഇൗ പ്രദേശത്തെ ജനങ്ങളുടെ പ്രയാസങ്ങൾ സമാനമാണ്. സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

അയൽക്കാർ വിട്ടുപോയി 

ജീവിക്കാൻ പ്രയാസം വന്നതോടെ പലരും ഇവിടം വിട്ടുപോയിത്തുടങ്ങിയെന്ന് ഇളംകാട് ടോപ്പ് നിവാസി രജനി സദാനന്ദൻ പറയുന്നു. ഭൂമി കൃഷിക്ക് പറ്റാതായതാണ് ചിലരുടെ പ്രശ്നം. യാത്രാക്ലേശം എല്ലാവരേയും ബാധിച്ചു. ചിലരൊക്കെ ബന്ധുവീടുകളിലേക്ക് താമസം മാറ്റി. 47 സെന്റ് സ്ഥലമാണ് രജനിക്കുള്ളത്. കപ്പയും റബ്ബറും കൃഷി ചെയ്തിരുന്നു. ഇപ്പോൾ ഉരുളിൽ മണ്ണുവന്ന് കൃഷിയോഗ്യമല്ലാതായി. ഭർത്താവ് ഒാട്ടോതൊഴിലാളിയായ സദാനന്ദന് കിട്ടുന്ന വരുമാനംകൊണ്ടാണ് ജീവിതം. അതുതന്നെ ഇപ്പോൾ കുറവാണ്.

വീട് വെക്കുന്നതിന് ഇവർ കേരളാബാങ്കിൽനിന്ന് അഞ്ചുലക്ഷം രൂപ വായ്പ എടുത്തിരുന്നു. അത് ആദ്യം കൃത്യമായി അടച്ചിരുന്നു. അമ്മയ്ക്ക് രോഗം വന്നതോടെ അടവ് മുടങ്ങി. ഇപ്പോൾ 10 ലക്ഷം രൂപയാണ് കുടിശ്ശിക. അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് നോട്ടീസ് തന്നിട്ടുണ്ട്. ഭവനവായ്പയാണ് എടുത്തതെങ്കിലും ഇപ്പോൾ ബാങ്കുകാർ പറയുന്നത് ബിസിനസ് വായ്പയാണെന്നാണ്. ഇൗ മാറ്റം എന്താണെന്ന് ബാങ്ക് കൃത്യമായി പറയുന്നുമില്ല.

error: Content is protected !!