റബ്ബർ ഉത്‌പാദനത്തിൽ കേരളത്തിനുള്ള കുത്തക പോകും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നു
: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേയ്ക്ക് റബ്ബർകൃഷി വ്യാപിക്കുമ്പോൾ കേരളത്തിന്റെ കുത്തക നഷ്ടമാകും. കൃഷിയുടെ വിസ്തൃതി ഏഴ് സംസ്ഥാനങ്ങളിലായി 12 ലക്ഷം ഹെക്ടറെങ്കിലുമായി ഉയരും. നിലവിൽ കേരളത്തിൽ 5.50 ലക്ഷം ഹെക്ടറിലാണ് കൃഷി. 2025 ആകുമ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൃഷിവ്യാപനം ലക്ഷ്യം നേടുമെന്നാണ് റബ്ബർ ബോർഡ് പ്രതീക്ഷിക്കുന്നത്. റബ്ബർ ബോർഡിന്റെ ആസ്ഥാനം കോട്ടയമാണെങ്കിലും റബ്ബറിന്റെ കാര്യത്തിൽ നയപരമായ തീരുമാനങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സ്വാധീനത്തിലായിരിക്കും.
ഇപ്പോൾ രാജ്യത്തെ ആകെ റബ്ബർ ഉത്‌പാദനത്തിന്റെ 90 ശതമാനവും കേരളത്തിൽനിന്നാണ്. പക്ഷേ, ഇവിടെ കൃഷിക്കാരുടെയും തൊഴിലാളികളുടെയും കച്ചവടക്കാരുടെയും എണ്ണം ക്രമേണ കുറയുകയാണ്.
12 ലക്ഷം കൃഷിക്കാരുണ്ടായിരുന്നത് ഇപ്പോൾ എട്ടുലക്ഷമായി. നാലരലക്ഷം ടാപ്പിങ് തൊഴിലാളികൾ ഉണ്ടായിരുന്നത് ഒരുലക്ഷമായി. വ്യാപാരികൾ 11,000 ഉണ്ടായിരുന്നു. ഇത് 3000 ആയി കുറഞ്ഞു.
തുടർച്ചയായ വിപണി അനിശ്ചിതത്വമാണ് കൃഷിയിൽ മടുപ്പുണ്ടാക്കിയത്. വില 100 രൂപയിൽ താഴ്ന്നപ്പോൾ ചെറുകിട കൃഷിക്കാർ മിക്കവരും മറ്റ് കൃഷികളിലേക്കുപോയി. ഫലവൃക്ഷങ്ങളാക്കിയവരുമുണ്ട്. ചിലർ തോട്ടം പ്ലോട്ട് തിരിച്ച് വിറ്റു.
കേരളത്തിൽ ഇനി കൃഷിവ്യാപനത്തിന് സാധ്യതയില്ലന്ന് ബോർഡ് വിലയിരുത്തുന്നു. കൂലിക്കുറവുംമറ്റും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൃഷി ലാഭകരമാക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. ഒാട്ടോമോട്ടീവ് ടയർ മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ (ആത്മ) സഹായത്തോടെയാണ് ഇവിടങ്ങളിൽ കൃഷി വ്യാപിപ്പിക്കുന്നത്.
സ്വാഭാവിക റബ്ബറിന്റെ കുറവ് പരിഹരിക്കാൻ പുതിയ കൃഷിയിടം വേണമെന്നാണ് കേന്ദ്രവാണിജ്യമന്ത്രാലയത്തിന്റെ കാഴ്ചപ്പാട്. 12 ലക്ഷം മെട്രിക് ടൺ റബ്ബറാണ് പ്രതിവർഷം രാജ്യത്തിന് വേണ്ടത്. ഉത്‌പാദനം 7.80 ലക്ഷം മെട്രിക് ടണ്ണും.
4.20 ലക്ഷം മെട്രിക് ടണ്ണിന്റെ കുറവുണ്ട്. ഇറക്കുമതി ഒരുവർഷം 5.45 ലക്ഷം മെട്രിക് ടണ്ണാണ്. ഇറക്കുമതി മൂലമുള്ള നഷ്ടം പരിഹരിക്കാൻ ഉത്‌പാദനം കൂട്ടാൻ ബോർഡ് ലക്ഷ്യമിടുന്നു.