വാസ്തുവിസ്മയമായി ചെമ്മലമറ്റത്തെ 12 ശ്ലീഹന്മാരുടെ പുതിയ ദേവാലയം
ചെമ്മലമറ്റം ∙ ബാറോക്ക് വാസ്തുശിൽപ ശൈലിയിൽ നിർമാണം പൂർത്തിയാക്കിയ പന്ത്രണ്ടു ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ദേവാലയത്തിന്റെ കൂദാശ നിർവഹിച്ചു. സ്ഥാപിതമായതിന്റെ നൂറാം വർഷം പുതിയ ദേവാലയം പൂർത്തിയായി എന്ന പ്രത്യേകതയുമുണ്ട്. 1922 ഫെബ്രുവരി 6നാണു ചെമ്മലമറ്റം 12 ശ്ലീഹന്മാരുടെ പള്ളി സ്ഥാപിതമായത്. പുതിയ ദൈവാലയത്തിന്റെ വെഞ്ചരിപ്പ് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.
സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപറന്പിൽ, മാർ ഗ്രിഗറി കാരോട്ടെന്പ്രേൽ, മോണ്. ജോസഫ് തടത്തിൽ, രൂപത ചാൻസിലർ ഫാ. ജോസ് കാക്കല്ലിൽ, വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, ഫാ. കുര്യാക്കോസ് വട്ടമുകളേൽ, ഫാ. തോമസ് പേഴുംകാട്ടിൽ എന്നിവർ സഹകാർമികരായിരുന്നു.
ദേവാലയത്തിന്റെ പ്രധാന വാതിലുകളും മാമോദീസതൊട്ടിയും അൾത്താരയും ബലിവേദിയും മൂറോൻ അഭിഷേകം നടത്തിയാണ് കൂദാശാകർമം നടത്തിയത്. പുതിയ ദേവാലയം നിർമിക്കുന്പോൾ ഇടവകജനവും നാടും ഒന്നിക്കുകയാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശത്തിൽ പറഞ്ഞു.
2020 ജനുവരി 26നാണു ദേവാലയ നിർമാണത്തിനു തറക്കല്ലിട്ടത്. ജൂൺ 2നു നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 17-ാം നൂറ്റാണ്ടിൽ ഇറ്റലിയിൽ ആരംഭിച്ച ബാറോക്ക് ശൈലിയാണു ദേവാലയ നിർമാണത്തിനായി തിരഞ്ഞെടുത്തത്. ബാറോക്ക് വാസ്തുവിദ്യയുടെ വകഭേദമായ റോക്കോക്കോ എന്ന പേരിലുള്ള കൂടുതൽ വിപുലമായ അലങ്കാരങ്ങൾ ഉൾപ്പെടുന്ന ശൈലിയാണ് 12 ശ്ലീഹന്മാരുടെ നാമത്തിലുള്ള ഈ പള്ളിയുടെ അൾത്താരയിലും ഹൈക്കലയിലും അനുബന്ധ സീലിങ്ങിലും ആവിഷ്‌കരിച്ചിരിക്കുന്നത്.
പള്ളിയുടെ അൾത്താരയിൽ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന ത്രിയേക ദൈവത്തെ പ്രതിനിധീകരിച്ച് വാനമേഘങ്ങളിൽ കെരൂബുകളുടെയും മാലാഖമാരുടെയും അകമ്പടിയോടെ പിതാവിനെയും ഉത്ഥിതനായ ഈശോയെയും പരിശുദ്ധാത്മാവിനെയും ചിത്രീകരിച്ചിരിക്കുന്നു. അതിന് ഇടതും വലതുമായി ഈശോയുടെ തിരുശേഷിപ്പുകൾ കയ്യിലേന്തിയ മുഖ്യന്മാർ, സ്‌തോത്രഗീതങ്ങൾ ആലപിക്കുന്ന 9 മാലാഖവൃന്ദം എന്നിവരെ ചിത്രീകരിച്ചിട്ടുണ്ട്.
സക്രാരി ഈശോയുടെ കബറിടം. ഉയിർത്തെഴുന്നേറ്റ ഈശോയെ കാണാതെ ദുഃഖത്തിൽ പ്രാർഥനയോടെ നിലകൊള്ളുന്ന 12 ശ്ലീഹന്മാരാണു ബലിപീഠത്തിനു മുകളിൽ. ‘ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ അതിന്റെ ശാഖകളുമാകു’മെന്ന ഈശോയുടെ തിരുവചനം ആസ്പദമാക്കിയാണു ബേമ്മാ രൂപകൽപന ചെയ്തിരിക്കുന്നത്. പ്രധാന ബലിപീഠത്തിലെ കൊത്തുപണികൾ, പള്ളിയുടെ മുകൾ നിലയിൽ ഗ്ലാസിൽ ആലേഖനം ചെയ്ത 64 വിശുദ്ധരുടെ രൂപങ്ങൾ എന്നിവ പള്ളിയുടെ ഭംഗി കൂട്ടുന്നു.
കിഴക്കുവശത്തു സ്റ്റെയ്ൻ ഗ്ലാസിൽ 20 അടി പൊക്കവും 15 അടി വീതിയുമുള്ള പെന്തക്കുസ്തയുടെ രൂപം ആലേഖനം ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിലെ യോർക്‌ഷറിൽ നിന്ന് എത്തിച്ച 900 കിലോ ഭാരമുള്ള കൂറ്റൻ മണിയുടെ നാദവും പള്ളിയിൽ നിന്നുയരും. ലോകപ്രശസ്ത മണി നിർമാതാക്കളായ വാർണർ ബ്രദേഴ്‌സിന്റെ നിർമാണ വൈഭവത്തിൽപെട്ടതാണ് ഈ മണിയും.