ഒരു വർഷത്തിനുശേഷം സ്വതന്ത്രനായി കൊമ്പൻ തിരുനീലകണ്ഠൻ  ; ആശ്വാസത്തോടെ മഹാദേവനെ വണങ്ങി നന്ദി പ്രകാശിപ്പിച്ചു ..

ചിറക്കടവ്: കഴിഞ്ഞ 13 മാസങ്ങളായി ചിറക്കടവ് ശ്രീമഹാദേവക്ഷേത്രത്തിന് സമീപം തളയ്ക്കപ്പെട്ടിരുന്ന മഹാദേവക്ഷേത്രത്തിലെ കൊമ്പൻ തിരുനീലകണ്ഠനെ ഇതാദ്യമായി തറിയിൽ നിന്നഴിച്ചു. 2021 ഏപ്രിൽ 28-ന് ഓമല്ലൂർ ക്ഷേത്രത്തിലെ എഴുന്നള്ളത്തിന് ശേഷം നീരിനെ തുടർന്ന് തളച്ചതാണ് തിരുനീലകണ്ഠനെ. തുടർന്ന് ചികിത്സയിലായിരുന്നു. 13 മാസത്തെ ഇടവേളയ്ക്കുശേഷം സ്വതന്ത്രനാക്കിയ കൊമ്പനാനയെ ക്ഷേത്രദർശനം നടത്തിച്ചു. ആശ്വാസത്തോടെ മഹാദേവനെ തിരുനീലകണ്ഠൻ വണങ്ങി നന്ദി പ്രകാശിപ്പിച്ചു

വ്യാഴാഴ്ച രാവിലെ അഴിക്കുന്നതിന് മുന്നോടിയായി കാഞ്ഞിരപ്പള്ളിയിലെ സീനിയർ വെറ്ററിനറി സർജനും തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ആനചികിത്സകനുമായ ഡോ.ബിനു ഗോപിനാഥ് സ്ഥലത്തെത്തി ആനയെ പരിശോധിച്ച് ആരോഗ്യവാനാണെന്ന് ഉറപ്പുനൽകിയതോടെ പാപ്പാൻ സാബുവിന്റെ നേതൃത്വത്തിൽ അഴിച്ച് ക്ഷേത്രമതിൽക്കകത്തേക്ക് കൊണ്ടുവന്ന് ദർശനം നടത്തിക്കുകയായിരുന്നു.

• ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ കൊമ്പൻ തിരുനീലകണ്ഠനെ അഴിച്ച് ക്ഷേത്രമതിൽക്കകത്ത് എത്തിച്ചപ്പോൾ. സമീപം ദേവസ്വം ബോർഡിന്റെ വെറ്ററിനറി സർജൻ ഡോ.ബിനു ഗോപിനാഥ് 

ആനത്തറിയിലെ കോൺക്രീറ്റ് തറ മാറ്റി മൺതറയാക്കി ആനയുടെ നിൽപ്പിനും കിടപ്പിനും അനുയോജ്യമായ രീതിയിലാക്കണമെന്ന് ഭക്തർ ആവശ്യമുന്നയിച്ചു. മേൽക്കൂരയിലെ ഷീറ്റുകൾ തകർന്ന് നനഞ്ഞൊലിക്കുന്ന നിലയിലാണ്. ഇത് മാറ്റി നവീകരിക്കാൻ ദേവസ്വം ബോർഡ് തയ്യാറാകണമെന്നും ആവശ്യമുയർന്നു.

കാലങ്ങളായി തളയ്ക്കപ്പെട്ട കൊമ്പനെ അഴിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്ന ഭക്തരും തിരുനീലകണ്ഠനെ മഹാദേവ സന്നിധിയിൽ കൊണ്ടുവന്നതിന്റെ ആഹ്ലാദത്തിലായി. 

error: Content is protected !!