ഡ്രൈവർ ബിനുചേച്ചി; കുട്ടികൾ ഹാപ്പി…
കണമല: വീട്ടിൽനിന്നു സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ വന്ന വാഹനവും ഡ്രൈവറെയും കണ്ട് കുട്ടികൾ അന്പരന്നു. പുതിയ വാഹനത്തിൽ ഡ്രൈവർചേട്ടനു പകരം നിറഞ്ഞ പുഞ്ചിരിയുമായി ഒരു ചേച്ചി. സന്തോഷത്തോടെ രക്ഷിതാക്കൾക്കു കൈ വീശി കുട്ടികൾ വണ്ടിയിലേക്ക്. സ്കൂളിലാകട്ടെ മാറ്റങ്ങളോടു മാറ്റം. പുതിയ ഹെഡ്മാസ്റ്റർ, പുതിയ അധ്യാപകർ, പുതിയ പെയിന്റിൽ സ്കൂൾ, ക്ലാസിൽ ലൈറ്റ്, ഫാൻ ഒപ്പം കരാട്ടെ, നീന്തൽ, ഡാൻസ് ക്ലാസുകളും. തുലാപ്പള്ളി സെന്റ് ജോർജ് എൽപി സ്കൂളാണ് മാറ്റങ്ങൾ വിസ്മയമായത്.
വർഷങ്ങളായി കുട്ടികൾ കുറഞ്ഞു കൊണ്ടിരുന്ന ഈ സ്കൂളിൽ ഇത്തവണ കുട്ടികളുടെ എണ്ണം വർധിപ്പിച്ചതും ഈ പുതിയ മാറ്റങ്ങളാണെന്ന് പിടിഎ ഭാരവാഹികൾ പറയുന്നു. പുതിയ ഹെഡ്മാസ്റ്ററായി നാട്ടുകാരനായ ക്രിസ് ജോസഫ് കൊറ്റനെല്ലൂരാണ് ചാർജെടുത്തിരിക്കുന്നത്. വിരമിച്ച അധ്യാപകർക്ക് പകരം പുതിയ അധ്യാപകരുമെത്തി.
സ്കൂൾ വണ്ടിയായി പുതിയ വാൻ വാങ്ങിയപ്പോൾ ഡ്രൈവറായി ഒരു വനിത വേണമെന്ന ആഗ്രഹത്തിനുള്ള ഉത്തരമായിരുന്നു നാട്ടിൽ ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന ബിനുമോൾ ആന്റണി. പത്ത് വർഷമായി വീട്ടമ്മമാരെ ഡ്രൈവിംഗ് പരിശീലിപ്പിക്കുന്ന ബിനുമോൾ അങ്ങനെ സ്കൂൾ വാനിന്റെ ഡ്രൈവർ ചുമതലയിലെത്തുകയായിരുന്നു. സ്കൂൾ വാനിൽ ദിവസവും രാവിലെയും വൈകുന്നേരവും മൂന്ന് ട്രിപ്പുകൾ. ഇതിനിടയിൽ ഡ്രൈവിംഗ് പരിശീലന ജോലിയും. കുട്ടികളുമായി പാട്ടും കളിയും തമാശയുമൊക്കെയായുള്ള സ്കൂൾ വണ്ടിയിലെ യാത്ര സർക്കീട്ട് സവാരി പോലെ രസകരമാണെന്ന് ബിനുമോൾ പറഞ്ഞു.
ഡാൻസ്, പാട്ട്, പ്രസംഗ പരിശീലനം, സ്പോർട്സ്, കരാട്ടെ തുടങ്ങിയ കലാ കായിക പരിശീലനങ്ങൾ നൽകി കുട്ടികളെ മികച്ച നിലവാരത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഹെഡ്മാസ്റ്റർ ക്രിസ് ജോസഫ് പറഞ്ഞു. പ്രവേശനോത്സവത്തിൽ സ്കൂൾ മാനേജർ ഫാ. സെബിൻ ഉള്ളാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർ സിബി അഴകത്ത്, പൂർവ അധ്യാപകൻ അപ്പച്ചൻ കാരക്കാട്ട്, പിടിഎ പ്രതിനിധി ബിറ്റി ടീച്ചർ എന്നിവർ പ്രസംഗിച്ചു.