അധ്യാപികയെ സ്ഥലംമാറ്റിയത് നീതിക്കു നിരക്കാത്തതെന്ന്
മുണ്ടക്കയം: മുരിക്കുംവയൽ ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗം അധ്യാപിക ടി.ജെ. രജനിയെ അകാരണമായി സ്ഥലം മാറ്റിയ നടപടി സ്ത്രീത്വത്തോടുള്ള വെല്ലുവിളിയും നീതിക്കുനിരക്കാത്തതുമാണെന്ന് സ്കൂൾ പ്ലാറ്റിനം ജൂബിലി സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
സ്കൂളിന്റെ പുരോഗതിക്കായി കഠിനാധ്വാനം ചെയ്യുന്ന അധ്യാപികയെ സാന്പത്തിക കുറ്റാരോപണം ഉന്നയിച്ചു സെക്രട്ടേറിയറ്റിൽനിന്ന് ഉത്തരവുണ്ടാക്കിയത് നീതികേടാണ്. കോവിഡ് മഹാമാരിമൂലം പ്ലാറ്റിനം ജൂബിലി ആഘോഷകണക്കുകൾ അവതരിപ്പിക്കുകയോ യോഗം നടത്തുന്നതിനോ കഴിഞ്ഞിട്ടില്ല. ചെയർമാനും ജനറൽ കണ്‍വീനറും പ്രവർത്തിക്കുന്ന ഈ കമ്മിറ്റിയിൽ രണ്ടു ജോയിന്റ് കണ്‍വീനർമാർ അധ്യാപകരാണ്. അതിൽ ഒരു വനിത അധ്യാപികയെ മാത്രം തെരഞ്ഞുപിടിച്ചു ആക്ഷേപമുന്നയിക്കുന്നത് ആർക്കുവേണ്ടിയാണെന്നും ഇവർ ചോദിച്ചു. പ്ലാറ്റിനം ആഘോഷ പരിപാടിക്കായി നടത്തിയ സംഭാവന ശേഖരിക്കലിനും അധ്യാപകർക്കാർക്കും പങ്കില്ല എന്നുമാത്രമല്ല കൃത്യമായ രസീതും വൗച്ചറും നൽകിയാണ് ഇടപാടുകൾ നടത്തിയിരിക്കുന്നത്.
സ്കൂളിലെ മിക്ക അധ്യാപകരും സ്വാഗത സംഘത്തിലെ അംഗങ്ങളാണ്. ആഘോഷപരിപാടിയുടെ മിച്ചം വന്ന തുകയിൽ അരലക്ഷം രൂപ സ്കൂൾബസിന്റെ ഇൻഷ്വറൻസിനായി നൽകിയിട്ടുണ്ട്. യോഗം വിളിക്കാൻ നിരവധിത്തവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും യോഗം വിളിക്കാൻ പിടിഎ പ്രസിഡന്റ് തയാറായിട്ടില്ല. ഒരു അധ്യാപകൻ 8500 രൂപ കൈപ്പറ്റിയതിന്റെ വൗച്ചർ ഇതുവരെയായി കമ്മിറ്റിക്കു നൽകിയിട്ടില്ല. കൂടാതെ അഞ്ചാംക്ലാസിലെ കുട്ടികളിൽ നിന്നും പിരിച്ചെടുത്ത 5360 രൂപ മറ്റൊരധ്യാപകനും ഇതുവരെയായി സ്വാഗത സംഘത്തിനു നൽകാൻ തയാറായിട്ടില്ല. അധ്യാപികയെ സ്ഥലം മാറ്റിയ നടപടി അധികാരികൾ തിരുത്തണമെന്നും ഏത് അന്വേഷണവും നേരിടാൻ കമ്മിറ്റി തയാറണെന്നും ഭാരവാഹികൾ പറഞ്ഞു.
ജനറൽ കണ്‍വീനർ ബി. ജയചന്ദ്രൻ, വൈസ് ചെയർമാൻ കെ.ബി. മോഹനൻ, ഫിനാൻസ് കമ്മിറ്റി കണ്‍വീനർ പി.എസ്. ഷിജു, എസ്എംസി ചെയർമാൻ വി.ടി. അനിൽകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.