എ പ്ലസ് വിജയവുമായി എരുമേലിയിലെ പഞ്ചായത്ത് അംഗങ്ങൾ
എരുമേലി: പാലായിൽ പോയി 420 മാർക്കിന്റെ ചോദ്യങ്ങൾക്ക് ഉത്തരം എഴുതി എ പ്ലസ് വിജയം നേടി എരുമേലി പഞ്ചായത്ത് അംഗങ്ങളായ ആറു പേർ. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഒരുമിച്ചു പഠനം നടത്തി രണ്ട് യൂണിവേഴ്സിറ്റികൾ സംയുക്തമായി നടത്തിയ സർട്ടിഫിക്കറ്റ് കോഴ്സ് വിജയിച്ചതിന്റെ സന്തോഷത്തിലാണ് ആറ് പേരും. എരുമേലി പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. അജേഷ്, ജെസ്ന നജീബ്, ടി.വി. ഹർഷകുമാർ, സുനിമോൾ, മറിയാമ്മ, വൈസ് പ്രസിഡന്റ് അനിശ്രീ സാബു എന്നിവരാണ് പരീക്ഷ എഴുതി വിജയിച്ചത്.
കേരളത്തിലെ ജനപ്രതിനിധികൾക്കായി കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ), ശ്രീ നാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി എന്നിവ സംയുക്തമായി നടത്തിയ അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണ നിർവഹണവും എന്ന വിഷയത്തിലുള്ള കോഴ്സിലായിരുന്നു പരീക്ഷ. എരുമേലി ഉൾപ്പടെ ജില്ലയിൽ നിന്നുള്ള പഞ്ചായത്തുകളിൽ നിന്ന് നിരവധി പേർ കോഴ്സിൽ ചേർന്ന് പരീക്ഷ എഴുതി വിജയിച്ചു.
കഴിഞ്ഞ ദിവസം കൊല്ലത്ത് പി. കേശവൻ സ്മാരക ഹാളിൽ ഇവർ ഉൾപ്പടെ പരീക്ഷ ജയിച്ച ജനപ്രതിനിധികൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.