ശബരി റെയിൽ പാത നിർമാണം കെ-റെയിലിനു നൽകാൻ നീക്കം
എരുമേലി: ശബരി റെയിൽ പാത നിർമിക്കാൻ കെ- റെയിലിനു ചുമതല നൽകാൻ നീക്കം.
സംസ്ഥാന – റെയിൽവേ സംയുക്ത കന്പനിയായ കേരള റെയിൽവേ വികസന കോർപറേഷന് (കെ-റെയിൽ) ശബരി റെയിൽ പാതയുടെ നിർമാണ ചുമതല നൽകാൻ റെയിൽവേ ബോർഡിൽ പ്രാഥമിക തീരുമാനം.
കാൽനൂറ്റാണ്ടായി കേരളം കാത്തിരിക്കുന്ന ശബരി റെയിൽപാത ഇതോടെ യാഥാർഥ്യമാവുമെന്ന പ്രതീക്ഷ വീണ്ടും ഉണർന്നു. അടിസ്ഥാന സൗകര്യ-ഗതാഗത പദ്ധതികൾ നടപ്പാക്കാനുള്ള പ്രധാനമന്ത്രി-ഗതിശക്തി മിഷനിൽ ഉൾപ്പെടുത്തിയാവും നിർമാണം.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരത്തേ നടത്തിയ കൂടിക്കാഴ്ചയിൽ ഉന്നയിക്കുകയും ഇതിനായി സമ്മർദം ചെലുത്തുകയും ചെയ്തതിനെത്തുടർന്നാണു മരവിപ്പിച്ച പദ്ധതിക്കു വീണ്ടും വഴിതുറന്നത്. ചെലവിന്റെ പകുതി വഹിക്കാമെന്നും നിർമാണം കെ-റെയിലിനെ ഏൽപ്പിക്കണമെന്നും സംസ്ഥാന മന്ത്രിസഭ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു.
റെയിൽവേയുടെ നിർദേശ പ്രകാരം, കെ-റെയിൽ തയാറാക്കിയ 3347.35 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് കൊച്ചിയിലെ ഫിനാൻസ് വിഭാഗം അംഗീകരിച്ച് ദക്ഷിണ റെയിൽവേയ്ക്കു കൈമാറി. ഇനി വേണ്ടതു റെയിൽവേ ബോർഡിന്റെ അനുമതിയാണ്. അതോടെ, 2020ൽ പദ്ധതി മരവിപ്പിച്ച ഉത്തരവ് റദ്ദാക്കും.
ഭൂമി ഏറ്റെടുക്കലിന് 900 കോടി
പുതുക്കിയ എസ്റ്റിമേറ്റ് ലഭിച്ചാലുടൻ അന്തിമ തീരുമാനമെടുക്കുമെന്നു റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയിൽ ഉറപ്പു നൽകിയിരുന്നു. 1997ൽ പ്രഖ്യാപിച്ച അങ്കമാലി-എരുമേലി 111 കിലോമീറ്റർ ശബരി പാതയിൽ നിർമിത് അങ്കമാലി-കാലടി ഏഴു കിലോ മീറ്റർ റെയിൽപ്പാതയും പെരിയാറിൽ പാലവും മാത്രം.
കാലടി-എരുമേലി 104 കിലോമീറ്റർ പാതയാണ് ഇനി നിർമിക്കേണ്ടത്. 20 വർഷം മുന്പ് 900 പേരുടെ ഭൂമിയുടെ ക്രയവിക്രയം മരവിപ്പിച്ചിരുന്നു. ഇവർക്കു ഭൂമി വിൽക്കാനോ ഈടു വയ്ക്കാനോ കഴിയുന്നില്ല. പദ്ധതി നടപ്പാക്കുന്നതോടെ ഇവർക്കു പണം ലഭിക്കും. ഭൂമിയേറ്റെടുക്കലിന് 900 കോടിയിലേറെ ചെലവുണ്ട്. ഭൂമിവിലയുടെ 30ശതമാനം എസ്റ്റാബ്ലിഷ്മെന്റ് ചാർജായി റെയിൽവേ നൽകേണ്ടത് ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
നിർമാണത്തിന് ഒറ്റ ഏജൻസി
പദ്ധതി പ്രഖ്യാപിച്ചപ്പോൾ 517കോടിയായിരുന്ന എസ്റ്റിമേറ്റ് 2017ൽ 2815കോടിയായി. റെയിൽവേ ചെയ്യുന്നതിലും 20 ശതമാനം ചെലവു കുറച്ച് എൻജിനിയറിംഗ് പ്രൊക്യുർമെന്റ് കണ്സ്ട്രക്ഷൻ (ഇപിസി) രീതിയിലാവും നിർമാണം.
10 കിലോമീറ്ററിലെ പണികൾ പല കരാറുകാരെ ഏൽപ്പിക്കുന്ന റെയിൽവേ രീതിക്കു പകരം, ആഗോള ടെൻഡറിലൂടെ ഒറ്റ ഏജൻസിക്കു നൽകി ചെലവ് കുറയ്ക്കും. ഡിസൈനും നിർമാണവും കരാറുകാരുടെ ചുമതലയാവും.
സമയത്തു പണി തീർന്നില്ലെങ്കിൽ പിഴയൊടുക്കണം. നാലു വർഷമായിരിക്കും സമയ പരിധി. നിർമാണം സംസ്ഥാനത്തിനു ലഭിക്കാനാണ് സാധ്യത. റെയിൽവേ ബോർഡ് മെംബർ (ഇൻഫ്രാസ്ട്രക്ചർ) ഇക്കാര്യമറിയിച്ചിട്ടുണ്ടെന്നു കെ-റെയിൽ എംഡി അജിത്കുമാർ അറിയിച്ചു.