പഴയിടം കോസ് വേയുടെ കൈവരികൾ തിരികെ സ്ഥപിച്ചില്ല
കാഞ്ഞിരപ്പള്ളി: കൈവരി എടുത്തുമാറ്റാൻ കാണിച്ച ആവേശം തിരികെ വയ്ക്കാനില്ല. ഇതോടെ അപകടഭീഷണിയിലായത് വിദ്യാർഥികൾ അടക്കമുള്ള കാൽനടയാത്രികർ. ആറ്റിൽ അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യാനാണ് പഴയിടം കോസ് വേയുടെ കൈവരികൾ ഊരിമാറ്റിയത്. എന്നാൽ, ആഴ്ചകൾ കഴിഞ്ഞിട്ടും കൈവരികൾ പുനഃസ്ഥാപിച്ചിട്ടില്ല. വേനൽ മഴയത്താണ് മണിമലയാറിനു കുറുകെയുള്ള പഴയിടം കോസ് വേയിൽ മാലിന്യങ്ങൾ വന്നടിഞ്ഞു കൂടിയത്. ശക്തമായ മഴയിൽ വലിയ തോതിൽ മാലിന്യങ്ങൾ തങ്ങിക്കിടന്നതോടെയാണ് ഇതു നീക്കം ചെയ്യാനായി കൈവരികൾ ഊരിമാറ്റിയത്.
മാലിന്യം നീക്കി ആഴ്ചകൾ കഴിഞ്ഞിട്ടും കൈവരികൾ പുനഃസ്ഥാപിച്ചിട്ടില്ല. നിലവിൽ ഊരിമാറ്റിയ ഭാഗത്തെ കൈവരികൾ സമീപത്തുതന്നെ വെറുതെ വച്ചിരിക്കുകയാണ്. ജെസിബി ഉപയോഗിച്ചു മാലിന്യങ്ങൾ നീക്കം ചെയ്തപ്പോൾ ഈ ഭാഗത്തെ കൈവരികളുടെ തൂണുകൾ തകർന്നതാണ് പുനഃസ്ഥാപിക്കാതെ പോയതിനു കാരണം.
ചിറക്കടവ്, മണിമല, എരുമേലി എന്നീ മൂന്നു പഞ്ചായത്തുകളുടെ അതിർത്തിയിൽ മണിമലയാറിന്റെ കുറുകെ തീരത്തിനു സമാന്തരമായി 1967ൽ നിർമിച്ചതാണ് പഴയിടം കോസ് വേ. ഇരു കരയിലുമുള്ള റോഡിനെക്കാൾ വളരെ താഴ്ന്നാണ് കോസ് വേ ഉള്ളത്. മണിമലയാർ കരകവിഞ്ഞൊഴുകുന്നതോടെ കോസ് വേ വെള്ളത്തിലാകും. അപ്പോഴെല്ലാം കൈവരികൾ തകരുകയും വീണ്ടും പുനർനിർമിക്കുകയുമായിരുന്നു പതിവ്. ഇതിനു പരിഹാരമായാണ് ഊരിമാറ്റാവുന്ന വിധത്തിൽ പുതിയ കൈവരികൾ സ്ഥാപിച്ചത്. കഴിഞ്ഞ പ്രളയത്തിൽ തകർന്ന പാലം 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പുനർനിർമിച്ചത്.
സ്കൂൾ തുറന്നതോടെ വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാർ നടന്നു പോകുന്ന പാലത്തിൽ കൈവരികൾ സ്ഥാപിക്കാത്തത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.