ശബരി റെയിൽ പാത മുന്നോട്ട് .. നിർമ്മാണം കെ-റെയിലിന് ലഭിച്ചേക്കും.. 3347.35 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ്
എരുമേലി : കാൽ നൂറ്റാണ്ടായി കേരളം കാത്തിരിക്കുന്ന ശബരി റെയിൽ പാത യാഥാർത്ഥ്യമാവുന്നു. അടിസ്ഥാന സൗകര്യ-ഗതാഗത പദ്ധതികൾ നടപ്പാക്കാനുള്ള പ്രധാനമന്ത്രി-ഗതിശക്തി മിഷനിൽ ഉൾപ്പെടുത്തിയാവും നിർമ്മാണം. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരത്തേ നടത്തിയ കൂടിക്കാഴ്ചയിൽ ഉന്നയിക്കുകയും ഇതിനായി സമ്മർദ്ദം ചെലുത്തുകയും ചെയ്തതിനെ തുടർന്നാണ് മരവിപ്പിച്ച പദ്ധതിക്ക് വീണ്ടും വഴിതുറന്നത്.
സംസ്ഥാന-റെയിൽവേ സംയുക്ത കമ്പനിയായ കേരളാ റെയിൽവേ വികസന കോർപറേഷന് (കെ-റെയിൽ) നിർമ്മാണ ചുമതല നൽകാൻ റെയിൽവേ ബോർഡ് പ്രാഥമിക തീരുമാനമെടുത്തിട്ടുണ്ട്. ചെലവിന്റെ പകുതി വഹിക്കാമെന്നും, നിർമ്മാണം കെ-റെയിലിനെ ഏൽപ്പിക്കണമെന്നും സംസ്ഥാന മന്ത്രിസഭ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു.
റെയിൽവേയുടെ നിർദ്ദേശ പ്രകാരം, കെ-റെയിൽ തയ്യാറാക്കിയ 3347.35 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് കൊച്ചിയിലെ ഫിനാൻസ് വിഭാഗം അംഗീകരിച്ച് ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി. ഇനി വേണ്ടത് റെയിൽവേ ബോർഡിന്റെ അനുമതി. അതോടെ, 2020ൽ പദ്ധതി മരവിപ്പിച്ച ഉത്തരവ് റദ്ദാക്കും. പുതുക്കിയ എസ്റ്റിമേറ്റ് ലഭിച്ചാലുടൻ അന്തിമ തീരുമാനമെടുക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്‌സഭയിൽ ഉറപ്പു നൽകിയിരുന്നു.
1997ൽ പ്രഖ്യാപിച്ച അങ്കമാലി-എരുമേലി 111കിലോമീറ്റർ ശബരി പാതയിൽ നിർമ്മിച്ചത് അങ്കമാലി-കാലടി 7കി.മി റെയിൽപ്പാതയും പെരിയാറിൽ പാലവും മാത്രം. കാലടി-എരുമേലി 104 കിലോമീറ്റർ പാതയാണ് ഇനി നിർമ്മിക്കേണ്ടത്. 20 വർഷം മുൻപ് 900പേരുടെ ഭൂമിയുടെ ക്രയവിക്രയം മരവിപ്പിച്ചിരുന്നു. ഇവർക്ക് ഭൂമി വിൽക്കാനോ ഈടു വയ്ക്കാനോ കഴിയുന്നില്ല. പദ്ധതി നടപ്പാക്കുന്നതോടെ ഇവർക്ക് പണം ലഭിക്കും. ഭൂമിയേറ്റെടുക്കലിന് 900 കോടിയിലേറെ ചെലവുണ്ട്. ഭൂമിവിലയുടെ 30ശതമാനം എസ്റ്റാബ്ലിഷ്മെന്റ് ചാർജായി റെയിൽവേ നൽകേണ്ടത് ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പദ്ധതി പ്രഖ്യാപിച്ചപ്പോൾ 517കോടിയായിരുന്ന എസ്റ്റിമേറ്റ് 2017ൽ 2815കോടിയായി.
അതിവേഗം നിർമ്മിക്കാം
റെയിൽവേ ചെയ്യുന്നതിലും 20% ചെലവു കുറച്ച് എൻജിനിയറിംഗ് പ്രൊക്യുർമെന്റ് കൺസ്ട്രക്ഷൻ (ഇ.പി.സി) രീതിയിലാവും നിർമ്മാണം.
10കിലോമീറ്ററിലെ പണികൾ പല കരാറുകാരെ ഏൽപ്പിക്കുന്ന റെയിൽവേ രീതിക്ക് പകരം, ആഗോള ടെൻഡറിലൂടെ ഒറ്റഏജൻസിക്ക് നൽകി ചെലവ് കുറയ്ക്കും.
ഡിസൈനും നിർമ്മാണവും കരാറുകാരുടെ ചുമതലയാവും. സമയത്ത് പണി തീർന്നില്ലെങ്കിൽ പിഴയൊടുക്കണം. 4 വർഷമായിരിക്കും സമയപരിധി.
07 കി.മീ: അങ്കമാലി മുതൽ കാലടിവരെ നിർമ്മിച്ച പാത
104 കി.മീ കാലടി മുതൽ എരുമേലിവരെ ഇനിയുള്ള പാത
3347.35 കോടി: പുതുക്കിയ എസ്റ്റിമേറ്റ്
264കോടി : റെയിൽവേ ഇതുവരെ ചെലവാക്കി
38.16കോടി : ഭൂമിയേറ്റെടുക്കാൻ നൽകിയത് വക മാറ്റി
വികസനത്തിന്റെ ചൂളംവിളി
മലയോര ജില്ലകളിൽ ട്രെയിൻ യാത്രാസൗകര്യം
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾ വികസിക്കും
ടൂറിസത്തിനും ചരക്കുനീക്കത്തിനും വ്യാപാരത്തിനും ഗുണകരം
പുനലൂർ വരെ നീട്ടിയാൽ തമിഴ്നാട്ടിലേക്ക് കണക്ടിവിറ്റി