ചേനപ്പാടി കടവനാൽക്കടവ് പാലം പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷം പൂർണ ഗതാഗത്തിനായി തുറന്നുകൊടുത്തു ..
ചേനപ്പാടി : പ്രളയത്തെ തുടർന്നു തെന്നി മാറിയ ചേനപ്പാടി കടവനാൽക്കടവ് പാലത്തിന്റെ സ്പാനുകൾ പൂർവസ്ഥിതിയിലാക്കുന്നതിനുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതോടെ പാലം പൂർണ ഗതാഗത്തിനായി തുറന്നുകൊടുത്തു ..64 ലക്ഷം രൂപ ചെലവിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത് . കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ ജയരാജ്, പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർക്കൊപ്പം മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പാലം സന്ദർശിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ്, ഔദ്യോഗിക ഉദ്‌ഘാടനം വേണ്ടെന്നു വച്ച്, ജനങ്ങളുടെ സൗകര്യാർഥം പെട്ടെന്നുതന്നെ പാലം തുറന്നുകൊടുക്കുവാൻ തീരുമാനിച്ചത് . അതോടെ ചേനപ്പാടിക്കാരുടെ ഒൻപതു മാസം നീണ്ട യാത്രദുരിതത്തിന് അറുതിയായി.
കഴിഞ്ഞ ഒക്ടോബറിൽ പ്രളയത്തിൽ പാലത്തിന്റെ സ്പാനുകൾ തെന്നിമാറി അപകടാവസ്ഥയിലായതാണ്.അന്നുമുതൽ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇതുവഴി ഓടാതായി. 10 ബസ് ഓടിയിരുന്ന റൂട്ടാണിത്. ചെറുവാഹനങ്ങൾ മാത്രം കടത്തിവിട്ടിരുന്നു. പിന്നീട് മേയ് മാസം അറ്റകുറ്റപ്പണി തുടങ്ങിയതോടെ പാലം പൂർണമായി അടച്ചു. 65 ലക്ഷം രൂപയുടെ ജോലികളാണ് പൊതുമരാമത്ത് (പാലം) വിഭാഗം നടത്തിയത്. തെന്നിനീങ്ങിയ സ്പാനുകൾ ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ഉയർത്തിനീക്കി കുഴപ്പങ്ങൾ തീർത്ത് യഥാസ്ഥാനത്ത് ഉറപ്പിച്ചു.
മാസങ്ങളായി യാത്രാദുരിതം അനുഭവിക്കുന്ന പ്രദേശവാസികൾ കഴിഞ്ഞ ദിവസം പാലം തുറക്കുകയും പോലീസ് എത്തി അടയ്ക്കുകയും ചെയ്തു. തർക്കങ്ങളെ തുടർന്ന് ജനപ്രതിനിധികൾ ഇടപെട്ടാണ് തിങ്കളാഴ്ച മുതൽ ഗതാഗതം അനുവദിക്കാൻ ധാരണയായത്. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ജില്ലാപഞ്ചായത്തംഗം ജെസി ഷാജൻ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് റോസമ്മ തോമസ്, പഞ്ചായത്തംഗങ്ങളായ റിജോ വാളന്തറ, വി.എസ്.രാജേഷ്, അൻഷാദ് എന്നിവർ എത്തിയിരുന്നു.
ഇനി പാലത്തിന്റെ സമീപന റോഡുകളുടെ റീടാറിങ്, പാലത്തിനടിയിൽ തകർന്ന പടവുകൾ പുനർനിർമിക്കൽ, വിഴിക്കിത്തോട് കരയിൽ ക്രാഷ്ബാരിയർ സ്ഥാപിക്കൽ എന്നിവ ബാക്കിയുണ്ട്. അവ ഉടൻ തന്നെ പൂർത്തീകരിക്കുമെന്ന് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പറഞ്ഞു.