പമ്പയാറ്റിൽ മണൽ വാരാൻ അനുമതിമില്ല; അനധികൃത മണൽകടത്ത് നിർബാധം

എരുമേലി: ജലസമൃദ്ധമായ പമ്പയാർ 2018-ലെ പ്രളയശേഷം മണൽ സമൃദ്ധമായി. ആഴമേറെയുള്ള കയങ്ങൾ മണൽ നിറഞ്ഞ് മൂടപ്പെട്ടു. മഴ കനത്താൽ മുൻപത്തെക്കാളും ഭീതിതമാകും പ്രളയജലത്തിന്റെ കരയേറ്റമെന്ന് പമ്പാവാലി മേഖലയിലെ നാട്ടുകാർ. മണൽശേഖരം നീക്കി നദിയുടെ സ്വാഭാവിക ഒഴുക്ക് നിലനിർത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുമ്പോഴും മണൽ നീക്കം ചെയ്യാൻ അനുമതിയില്ല. എന്നാൽ അനധികൃത മണൽകടത്ത് സജീവമാണിവിടെ…പോലീസിന്റെ കണ്ണുവെട്ടിച്ച് ലോഡ് കണക്കിന് മണലാണ് കടത്തുന്നത്.

പോലീസ് ഉദ്യോഗസ്ഥർ മഫ്തിയിൽ സ്വകാര്യ വാഹനത്തിലെത്തിയാണ് വ്യാഴാഴ്ച പുലർച്ചെ ഒരു മണൽ ലോറി കസ്റ്റഡിയിലെടുത്തത്. എരുമേലി എസ്.ഐ. എം.എസ് അനീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡ്രൈവറെ അറസ്റ്റുചെയ്ത് മണൽലോറി കോടതിയിൽ ഹാജരാക്കിയതായി പോലീസ് പറഞ്ഞു. ഒരുമാസം മുൻപും സമാനമായ സംഭവമുണ്ടായി. പോലീസ് പിന്തുടരുന്നതറിഞ്ഞ് മണൽ നിറഞ്ഞ ലോറി മൺതിട്ടയിടിച്ച് നിർത്തിയശേഷം ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു.

മണൽ കടത്തുന്നവർക്ക് വിവരങ്ങൾ ചോർത്താൻ വിപുല സംഘമാണുള്ളത്. മണൽലോറികൾക്ക് എസ്‌കോർട്ട് പോകാനും പോലീസ് പരിശോധന സംബന്ധിച്ചുള്ള വിവരങ്ങൾ സ്‌റ്റേഷനിൽ നിന്നും ചോരുന്നതായാണ് നാട്ടുകാരുടെ പരാതി.

error: Content is protected !!