സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ : തന്നെ പ്രതിയാക്കാനാകില്ലെന്ന് പി.സി. ജോർജ്
ഈരാറ്റുപേട്ട: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ തന്നെ പ്രതിയാക്കാനാകില്ലെന്ന് കേരളജനപക്ഷം ചെയർമാൻ പി.സി. ജോർജ്. സ്വപ്ന എഴുതിനൽകിയ കാര്യം മാത്രമാണ് താൻ പറഞ്ഞത്. ഇങ്ങനെ കേസ് എടുക്കാനാണെങ്കിൽ പിണറായിക്ക് എതിരേ എത്ര കേസ് എടുക്കണം. പ്രസ്താവനയ്ക്കെതിരേ കേസെടുക്കുന്നെങ്കിൽ കേരളത്തിൽ രാഷ്ട്രീയപ്രവർത്തനം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്നയ്ക്ക് ഏൽക്കേണ്ടിവന്ന പീഡനം തന്നോട് പറഞ്ഞത് താൻ മാധ്യമങ്ങളോട് പറയുകയായിരുന്നു. ജയിൽ ഡി.ജി.പി. അജയകുമാർ സ്വപ്നയെ ഭീഷണിപ്പെടുത്തി, ക്രൂരമായി ഉപദ്രവിച്ചു, മാനസികമായി അപമാനിച്ചെന്നാണ് സ്വപ്ന പറഞ്ഞത്. ഇത് താൻ മാധ്യമങ്ങളോട് പറഞ്ഞത് എങ്ങനെ ഗൂഢാലോചന ആകുമെന്നും പി.സി. ജോർജ് ചോദിച്ചു.
ഇ.ഡി.യോട് സഹകരിച്ചാൽ ഉപദ്രവിക്കുമെന്ന് സ്വപ്നയെ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുടെ പേര് പറയരുതെന്നും സ്വപ്നയോട് പറഞ്ഞു.
സ്വപ്നയുടെ മൊഴി മുഖ്യമന്ത്രിയെ ഭയപ്പെടുത്തുകയാണ്. ജയിലിൽ കിടന്നപ്പോൾ ഭീഷണിയുള്ളതുകൊണ്ടാണ് സ്വപ്ന സത്യം മുഴുവൻ പറയാതിരുന്നത്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാലംഘനം ചൂണ്ടിക്കാട്ടി ഗവർണക്ക് പരാതി നൽകുമെന്നും പി.സി. ജോർജ് പറഞ്ഞു.
സ്വപ്നയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. എച്ച്.ആർ.ഡി.എസ്. തൊടുപുഴ ഓഫീസ് ഉദ്ഘാടനം ചെയ്തത് താനാണ്. അതിന്റെ ഉദ്യോഗസ്ഥൻ ജയകൃഷ്ണൻ വീട്ടിൽ വന്നിരുന്നു. ആദ്യം സ്വപ്നയെ ഫോണിൽ വിളിച്ചിട്ട് എടുത്തിരുന്നില്ലെന്നും പിന്നീട് എച്ച്.ആർ.ഡി.എസ്. ഓഫീസിൽ ബന്ധപ്പെട്ടപ്പോഴാണ് സ്വപ്ന ഫോൺ എടുക്കാൻ തയ്യാറായതെന്നും പി.സി. ജോർജ് പറഞ്ഞു.