ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങളിൽനിന്ന് വിവരം ചോർത്താൻ നീക്കം ; സുരക്ഷാ നിർദേശങ്ങളുമായി ഐ.ടി.മിഷൻ
സംസ്ഥാനത്തെ ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങളിൽനിന്ന് ഡേറ്റാ തട്ടിയെടുക്കാൻ നീക്കം. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ കർശന നടപടികളുമായി സംസ്ഥാന ഐ.ടി. മിഷൻ രംഗത്തെത്തി. വിവരങ്ങൾ ചോരാതിരിക്കാൻ ഐ.ടി.മിഷൻ ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾക്ക് സുരക്ഷാനിർദേശങ്ങൾ നൽകിക്കഴിഞ്ഞു.
ആധാർ അതോറിറ്റിയിൽനിന്നെന്ന വ്യാജേന എൻറോൾമെന്റ് കേന്ദ്രങ്ങളിലെ ഓപ്പറേറ്റർമാരെ നേരിട്ട് വിളിച്ചാണ് ഡേറ്റാ ചോർത്താൻ നീക്കം നടത്തിയത്.
യു.ഐ.ഡി.യിൽനിന്നാണെന്ന് പരിചയപ്പെടുത്തി ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങളിൽ വിളിക്കുന്ന സംഘം മെഷീൻ പരിശോധനയ്ക്കായി വിദൂരനിയന്ത്രിത സംവിധാനം പ്രവർത്തിപ്പിക്കാൻ ഓപ്പറേറ്റർമാരോട് ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ രീതി. മെഷീൻ കണക്ട് ചെയ്യുന്നതോടെ തട്ടിപ്പ് സംഘം ആ കേന്ദ്രത്തിലെ മുഴുവൻ വിവരങ്ങളും ചോർത്തും.
സ്ത്രീകളാണ് വിളിക്കുന്നത്. അതിനാൽ, സംശയം തോന്നാറില്ലെന്നും ഓപ്പറേറ്റർമാർ പറയുന്നു.
സാധാരണഗതിയിൽ ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങളിലുണ്ടാകുന്ന തകരാറുകൾ പരിഹരിക്കുന്നതും, അപ്‌ഡേഷൻ നടത്തുന്നതും വിദൂരനിയന്ത്രിത ഓൺലൈൻ സംവിധാനത്തിലൂടെയാണ്. ഇതേമാർഗമാണ് ഡേറ്റാ തട്ടിപ്പ് സംഘവും ഉപയോഗിക്കുന്നത്.
സംസ്ഥാനത്ത് അക്ഷയകേന്ദ്രങ്ങളുൾപ്പടെ വിവിധ ഏജൻസികൾക്ക് കീഴിലായി നാലായിരത്തിൽപ്പരം എൻറോൾമെന്റ് കേന്ദ്രങ്ങളുണ്ട്.
ഇവിടങ്ങളിൽ ദിവസേന ആയിരക്കണക്കിനാളുകളാണ് പുതിയ ആധാർ എടുക്കുന്നതിനും മറ്റുമായി എത്തുന്നത്.
ഓരോ കേന്ദ്രത്തിലും വിപുലമായ ഡേറ്റാ സംവിധാനവുമുണ്ട്.
അതേസമയം, ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങളുടെയും, ഓപ്പറേറ്റർമാരുടെയും ഫോൺ നമ്പറടക്കമുള്ള വിവരങ്ങൾ നേരത്തെതന്നെ ചോർത്തിയതിനാലാണ് ഇപ്പോൾ തട്ടിപ്പുനടത്താൻ ഇടയാക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
രാജ്യത്താകമാനം ഉപയോഗിക്കുന്ന രേഖ എന്നനിലയിൽ ആധാർരേഖയ്ക്ക് അതീവപ്രാധാന്യമുണ്ട്.