പരിസ്ഥിതിലോലപ്രദേശം

: പരിസ്ഥിതിലോലപ്രദേശം നിർണയിക്കുമ്പോൾ വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും കടുവസങ്കേതങ്ങളുമടക്കം 23 പ്രത്യേകവനമേഖലകൾക്കുചുറ്റും ഇളവ് വേണമെന്ന് സംസ്ഥാനം. സംസ്ഥാനത്ത് 24 വനമേഖലകളാണ് ഈ ഗണത്തിലുള്ളത്. 

ഇവയ്ക്കുചുറ്റും ഒരുകിലോമീറ്റർ പ്രദേശം പരിസ്ഥിതിലോലമായി പ്രഖ്യാപിക്കുമ്പോൾ ജനവാസമേഖലകളെ നിയന്ത്രണങ്ങളിൽ നിന്നൊഴിവാക്കണമെന്ന് നേരത്തേതന്നെ വനംപരിസ്ഥിതി മന്ത്രാലയത്തിനുകീഴിലെ എംപവേഡ്‌ കമ്മിറ്റിയോട് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. 

ഇതിൽ ജനവാസമേഖലയില്ലാത്ത മതികെട്ടാൻചോലയ്ക്ക് ചുറ്റും ഒരുകിലോമീറ്റർ പരിസ്ഥിതിലോലമായി പ്രഖ്യാപിക്കുന്നതിൽ സംസ്ഥാനത്തിന് എതിർപ്പില്ല. ഇക്കാര്യം വനം പരിസ്ഥിതിമന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. ചുറ്റും ഒരുകിലോമീറ്ററിനുള്ളിൽ ജനവാസമേഖലകളും കൃഷിയിടങ്ങളുമുള്ള മറ്റ് 23 വനമേഖലകളിലാണ് സംസ്ഥാനത്തിന് ഇളവുവേണ്ടത്. ഇതിൽ പതിനാറിടത്ത് വനമേഖലയോടുചേർന്ന് ചെറുപട്ടണങ്ങളോ വലിയ ജനവാസമേഖലകളോ ഉണ്ട്. 

ഒരുകിലോമീറ്റർ എന്നതിനുപകരം പൂജ്യംമുതൽ ഒരുകിലോമീറ്റർവരെ പരിസ്ഥിതി ലോലപ്രദേശമായിരിക്കണമെന്ന രീതിയിൽ ഇളവുവന്നാലെ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമാകൂ എന്നാണ് സംസ്ഥാനനിലപാട്. 

സംസ്ഥാനത്തിന്റെ നിർദേശം വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ സർക്കാർ വനംവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. അടുത്തയാഴ്ച ചേരുന്ന വനംവകുപ്പ് അധികൃതരുടെ അവലോകനയോഗത്തിൽ നടപടികളുടെ പുരോഗതി വിലയിരുത്തും. അവലോകന യോഗത്തിനുമുന്നോടിയായി എംപവേഡ്‌ കമ്മിറ്റിയെ സമീപിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

നേരത്തേ എംപവേഡ്‌ കമ്മിറ്റിയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യംതന്നെയാണ് ആവർത്തിക്കുന്നതെന്നതിനാൽ ഇതിനായി അധിക അധ്വാനം വേണ്ടെന്നാണ് വനംവകുപ്പധികൃതർ പറയുന്നത്.

error: Content is protected !!