കേരളത്തിന്റെ പഴങ്ങൾ ഇനി വൈനാകും

സ്ഥാനത്ത് ഉത്‌പാദിപ്പിക്കുന്ന പ്രധാനപ്പെട്ട പഴങ്ങളിൽനിന്ന് വൈൻ നിർമിക്കാനുള്ള പദ്ധതിക്ക് അനുമതിയായി.

ഇതിനുള്ള നിർമാണ യൂണിറ്റുകൾ തുടങ്ങാനുള്ള എക്‌സൈസ് വകുപ്പിന്റെ ചട്ടങ്ങൾക്ക് നിയമവകുപ്പിന്റെ അംഗീകാരംലഭിച്ചു. ഫയൽ, നിയമസഭ സബ്ജക്ട് കമ്മിറ്റി പരിശോധിച്ചശേഷം ഉത്തരവിറങ്ങും.

കേരളത്തിൽ സുലഭമായ പൈനാപ്പിൾ, ചക്ക എന്നിവയിൽനിന്നാണ് പ്രധാനമായും വൈൻ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്. ജാതിയ്ക്കയുടെ പുറംതോടിൽനിന്നും വൈൻ ഉത്പാദിപ്പിക്കുന്നതും പരിഗണനയിലുണ്ട്. ഇതിലൂടെ കാർഷികമേഖലയിലും മുന്നേറ്റമുണ്ടാക്കാമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

നിലവിൽ കേരളത്തിൽ വൈൻ ഉദ്പാദന യൂണിറ്റുകളില്ല. ഉത്തരേന്ത്യയിൽനിന്നാണ് കേരളത്തിലേക്ക് മുന്തിരിയിൽനിന്നുള്ള വൈൻ എത്തുന്നത്.

പുതിയ ചട്ടമനുസരിച്ച് വൈൻ നിർമാണ യൂണിറ്റുകൾക്ക് മൂന്നുവർഷത്തേയ്ക്ക് ലൈസൻസ് അനുവദിക്കും.

ഇതിന് 50,000 രൂപയാണ് വാർഷിക ഫീസ്. എക്സൈസ് കമ്മിഷണറുടെ നിർദേശാനുസരണം കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ചെയർമാനായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഇൻസ്പെക്ടർ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർ അംഗങ്ങളായ കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് ലൈസൻസ് നൽകുക.

ലൈസൻസ് പുതുക്കി നൽകാനുള്ള അധികാരം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർക്കാണ്. എക്‌സൈസ് വകുപ്പിന്റെ ചട്ടത്തിൽ പറയുന്ന അടിസ്ഥാനസൗകര്യങ്ങൾ വൈൻ നിർമാണ സ്ഥാപനത്തിൽ ഉറപ്പാക്കണം.

പഴങ്ങളുടെ ചാറെടുക്കാനുള്ള സൗകര്യം, ഇത് പുളിപ്പിക്കാനുള്ള മുറി, ബോട്ടിലിങ് സൗകര്യം, വൈൻ സ്റ്റോക്ക് ചെയ്യാനുള്ള സംവിധാനം എന്നിവ ലൈസൻസ് അനുവദിക്കാൻ വേണം. യൂണിറ്റ് ആരംഭിക്കാൻ കുറഞ്ഞത് അഞ്ചുലക്ഷം രൂപയുടെ മുതൽമുടക്ക് വേണ്ടിവരും.

error: Content is protected !!