കൂടുതൽ വനിതകളെ ടാപ്പിങ് പഠിപ്പിക്കാൻ റബ്ബർബോർഡ്‌ 

വനിതകളെ കൂടുതലായി ടാപ്പിങ്‌ പരിശീലിപ്പിക്കാൻ റബ്ബർബോർഡ്‌ ഒരുങ്ങുന്നു. കൂടുതൽ വനിതകളെ ഈ രംഗത്തേക്ക്‌ ആകർഷിക്കുകയാണ്‌ ലക്ഷ്യം. ഓരോ ഫീൽഡ്‌ ഓഫീസിന്റെ പരിധിയിലും ഒരു ‘വനിതാ ടാപ്പർ ഗ്രൂപ്പ്‌’ എന്നതാണ്‌ ലക്ഷ്യം. കുടുംബശ്രീയുടെ നേതൃത്വത്തിൽ ടാപ്പിങ്ങിന്‌ ശാസ്‌ത്രീയമായി പരിശീലനം നേടിയ 29 വനിതാ ലേബർ ഗ്രൂപ്പുകൾ ഇപ്പോഴുണ്ട്. ആകെ 438 അംഗങ്ങൾ. കുടംബശ്രീ ഇതര 71 ഗ്രൂപ്പുകളുമുണ്ട്‌. ഇതിൽ 852 അംഗങ്ങളാണുള്ളത്‌.

നിലവിൽ ടാപ്പർമാരുടെ കുറവുണ്ട്‌. കൂടുതൽ സ്‌ത്രീകൾക്ക്‌ ശാസ്‌ത്രീയ പരിശീലനം നൽകിയാൽ കൂടുതൽ പ്രയോജനം ലഭിക്കുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ. കുടുംബത്തിന്‌ വരുമാനം ഉറപ്പാക്കാനുമാകും. സ്ത്രീകൾ തോട്ടങ്ങളുടെ സമീപത്തുനിന്നുള്ളവരാകുമ്പോൾ അവർ ജോലി ഉപേക്ഷിച്ച്‌ പോകില്ലെന്നും ബോർഡ്‌ കണക്കുകൂട്ടുന്നു. ബോർഡ്‌ പ്രത്യേക ശാസ്ത്രീയ പരിശീലന പദ്ധതി തയ്യാറാക്കും. പത്തുവർഷം മുമ്പാണ്‌ റബ്ബർബോർഡ്‌ ടാപ്പേഴ്‌സ്‌ ബാങ്ക്‌ എന്ന ആശയം നടപ്പാക്കിയത്‌. ഇപ്പോൾ 243 ടാപ്പർ ഗ്രൂപ്പുകളിലായി 3862 അംഗങ്ങളുണ്ട്. ഇന്ത്യയൊട്ടാകെ 6,09,675 ടാപ്പർമാരാണുള്ളത്‌. കഴിഞ്ഞദിവസം കൊച്ചിയിൽ കേന്ദ്രവാണിജ്യ മന്ത്രി പീയൂഷ് ഗോയലുമായുള്ള കൂടിക്കാഴ്‌ചയിൽ, ടാപ്പിങ്ങിലേക്ക് കൂടുതൽ വനിതകളെ ആകർഷിക്കാൻ നടത്തുന്ന ശ്രങ്ങളെക്കുറിച്ച്‌ റബ്ബർബോർഡ്‌ അധികൃതർ വിശദീകരിച്ചിരുന്നു.

error: Content is protected !!