ദേശീയ യോഗ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രേവതി രാജേഷിന് ജന്മനാടിന്റെ ആദരവ്
എരുമേലി : പരിമിതമായ ജീവിത സാഹചര്യങ്ങളെ മറികടന്ന് നാടിന് അഭിമാനമായി മാറിയ, എരുമേലി വെൺകുറിഞ്ഞി എസ്എൻഡിപി ഹൈസ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ രേവതി രാജേഷിന് ജന്മനാടായ എരുമേലിയിയുടെ ആദരവ് . എരുമേലി റോട്ടറി ക്ലബ്ബിൽ നടന്ന ചടങ്ങിൽ വച്ച് കെഎപി അഞ്ചാം ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡർ ഡിവൈഎസ്പി റോയ് ഔസേപ്പ് രേവതിയെ ആദരിച്ചു .
ഇക്കഴിഞ്ഞ 30 ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന യോഗാ ഒളിമ്പ്യാഡിൽ ഒന്നാം സ്ഥാനമായി സ്വർണ മെഡൽ നേടിയ രേവതി ദേശീയ തലത്തിൽ മത്സരിക്കുവാൻ യോഗ്യത നേടിയിരുന്നു. ഡൽഹിയിൽ 21 ന് നടക്കുന്ന നാഷണൽ ലെവൽ യോഗ ഒളിമ്പ്യാഡിൽ കേരളത്തെ പ്രതിനിധീകരിച്ച് രേവതി രാജേഷ് മത്സരിക്കുന്നുണ്ട്. ജൂൺ 15 ന് രേവതി മത്സരത്തിനായി ഡൽഹിയിലേക്ക് പുറപ്പെടും.
കേരളത്തിലെ 14 ജില്ലകളിൽ നിന്നും നാല് വിഭാഗങ്ങളിലായി 16 അംഗ ടീമുകളായാണ് മത്സരാർത്ഥികൾ ഇക്കഴിഞ്ഞ 30 ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന യോഗാ ഒളിമ്പ്യാഡിൽ പങ്കെടുത്തത്. ഇവരിൽ രേവതി ഉൾപ്പടെ വിജയികൾക്ക് ഇനി ഈ മാസം 21 ന് ദില്ലിയിൽ ദേശീയ യോഗാ ഒളിമ്പ്യാഡിൽ പങ്കെടുക്കാം. യോഗയിലുള്ള കഠിനപരിശ്രമമാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ള രേവതിയുടെ വിജയത്തിന് പിന്നിലെന്ന് പരിശീലകയായ സ്കൂളിലെ യോഗാ അദ്ധ്യാപിക റെജി ടീച്ചർ പറഞ്ഞു. നിരവധി ബഹുമതികൾ യോഗയിൽ ഇതിനോടകം സ്വന്തമാക്കിയിട്ടുള്ള രേവതിക്ക് മികച്ച പ്രോത്സാഹനം ലഭിച്ചാൽ കൂടുതൽ ഉയർന്ന വിജയങ്ങളിലേക്കെത്തുമെന്നു വെൺകുറിഞ്ഞി ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ രാജശ്രീ ബി പറഞ്ഞു.