പുരയിടം- തോട്ടം: ഭൂമി കൈമാറാൻ പോലുമാവാത്ത പ്രതിസന്ധിയിൽ കുടുംബങ്ങൾ
September 16, 2019
റീസർവേ അപാകത മൂലം പുരയിടങ്ങൾ തോട്ടങ്ങളായി മാറിയതു കൊണ്ടുള്ള ദുരന്തം മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ എല്ലാ വിഭാഗം ജനങ്ങളെയും ബാധിച്ചുകഴിഞ്ഞു. ഒരാളുടെ കൈവശമുള്ള ഭൂമി തോട്ടമെന്ന് തെറ്റായി രേഖപ്പെടുത്തിയതാണെങ്കിൽ സ്വന്തം മക്കൾക്കു ധനനിശ്ചയം, ഭാഗഉടന്പടി വഴി നൽകാൻ സാധ്യമല്ല.
വാർധക്യത്തിലെത്തിയ ഒരാൾക്കു തന്റെ പ്രായപൂർത്തിയായ മക്കൾക്കു തന്റെ പേരിലുള്ള ഭൂമി കരണം ചെയ്തു നൽകാൻ സാധ്യമല്ലാതായിരിക്കുകയാണ്. നിസാരപ്രശ്നത്തിന്റെ പേരിൽ ഭാഗഉടന്പടി പോലും നടത്താൻ പറ്റാത്ത നിരവധി കർഷകരാണ് ഈ രണ്ടു താലൂക്കുകളിലുള്ളത്. ഇവർ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം ചെറുതല്ല.വസ്തുവിന്റെ കൈമാറ്റത്തിനു പുറമേ രജിസ്ട്രേഷൻ നടപടിക്കും പുരയിടം തോട്ടമായി മാറിയതു വിനയായി.
പുതിയ ഒരു ആധാരം എഴുതുന്പോൾ വസ്തുവിന്റെ ഇനവിവരം രേഖപ്പെടുത്തേണ്ട പട്ടിക എന്നൊരു ഭാഗമുണ്ട്. റീസർവേ അപാകത മൂലം ബിടിആറിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾതന്നെ റിക്കാർഡ് ഓഫ് റൈറ്റ്സ് തയാറാക്കുന്ന ആധാരത്തിന്റെ പട്ടികയിലും സംഭവിക്കുന്നു. ഇത്തരം ആധാരങ്ങൾ ബാങ്ക് പോലുളള സ്ഥാപനങ്ങളിൽ ഹാജരാക്കുന്പോൾ നിയമ പരിശോധനയിൽ സാങ്കേതിക പ്രശ്നങ്ങളാൽ തള്ളുകയാണ്. അടിസ്ഥാനപ്രശ്നം പരിഹരിക്കപ്പെടാതെ നിലനിൽക്കുകയും ചെയ്യുന്നു. പുരയിടങ്ങൾ തോട്ടങ്ങളായി മാറിയപ്പോൾ ആധാരം എഴുത്തും അതോടനുബന്ധിച്ചുള്ള തൊഴിൽ മേഖലയും സ്തംഭിച്ചു. സർക്കാരിനു സ്റ്റാന്പ് ഡ്യൂട്ടി ഇനത്തിൽ ലഭിക്കേണ്ട കോടിക്കണക്കിനു രൂപയുടെ വരുമാനമാണ് നഷ്ടമാകുന്നത്. പൊൻകുന്നം, ഈരാറ്റുപേട്ട, പൂഞ്ഞാർ, എരുമേലി, കൂവപ്പള്ളി എന്നിവിടങ്ങളിലെ സബ് രജിസ്ട്രാർ ഓഫീസുകളിലെ കണക്കുകൾ ഈ വസ്തുത വ്യക്തമാക്കുന്നതാണ്. തോട്ടമായി മാറിയ പുരയിടങ്ങൾ കൈമാറ്റം നടത്താൻ സാധിക്കാത്തതു വിവാഹങ്ങൾ നടത്താനാകാതെ വരുന്ന സംഭവങ്ങളും കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കിലുണ്ട്.
ഭൂമിയുടെ തരംതിരിവിൽ രണ്ട് ഇനങ്ങളാണുള്ളത്. നിലവും പുരയിടവും. ഭൂമി നാം എന്തിനു വിനിയോഗിക്കുന്നുവോ അത് അനുസരിച്ച് ആയതിന്റെ സ്വഭാവം മാത്രമാണു മാറുന്നത്. അങ്ങനെ വരുന്ന സ്വഭാവ മാറ്റം ബേസിക് ടാക്സ് രജിസ്റ്ററിലെ റീമാർക്ക് കോളത്തിലാണ് എഴുതിചേർക്കേണ്ടത്. ഉദാഹരണത്തിനു നാം പുരയിടത്തിൽ റബർ നട്ടുപിടിക്കുന്പോൾ റീമാർക്ക് കോളത്തിൽ മാത്രമേ തോട്ടം എന്നു രേഖപ്പെടുത്താവു. അതുപോലെ മിച്ചഭൂമി, പുറന്പോക്ക്, കെഎൽആർ ആക്ട് 81 പ്രകാരം ഇളവ് അനുവദിച്ച ഭൂമി മുതലായവയും വ്യക്തിഗത വിവരങ്ങളും റീമാർക്ക് കോളത്തിലാണ് രേഖപ്പെടുത്തുന്നത്. പക്ഷേ, ബിടിആർ രജിസ്റ്ററിൽ പുരയിടം എന്ന കോളം വെട്ടിമാറ്റി അവിടെ തോട്ടം എന്നു രേഖപ്പെടുത്തിയിരിക്കുന്നതാണ് കർഷകർക്ക് ഇരുട്ടടിയായി മാറിയിരിക്കുന്നത്.
മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ 12 വില്ലേജുകളിൽ രണ്ടു സെന്റ് മുതൽ ഭൂമി സ്വന്തമായുള്ള നാൽപതിനായിരത്തോളം ജനങ്ങൾ നേരിടുന്ന ഭൂപ്രശ്നത്തിൽ രാഷ്ട്രീയ നേതൃത്വത്തങ്ങളുടെയും മുന്നണികളുടെയും നിലപാട് വ്യക്തമാക്കണമെന്നാണു കർഷകർ ആവശ്യപ്പെടുന്നത്. 23ന് നടക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ കർഷകർ ഈ വിഷയം അടിസ്ഥാനമാക്കി നിലപാടു സ്വീകരിക്കുമെന്നാണ് പറയുന്നത്. 18ന് ഇൻഫാമിന്റെയും കർഷകവേദിയുടെയും വിവിധ കർഷക സംഘടനകളുടെയും നേതൃത്വത്തിൽ പാലായിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിസംഘടിപ്പിച്ചിട്ടുണ്ട്.