ഉപേക്ഷിക്കപെട്ടവരുടെ രക്ഷാകേന്ദ്രമായ ദേവമതയിലെ ഓണസന്തോഷങ്ങൾ..

September 12, 2019 

ഉപേക്ഷിക്കപെട്ടവരുടെ രക്ഷാകേന്ദ്രമായ ദേവമാതയിലെ ഓണസന്തോഷങ്ങൾ.. 

കപ്പാട് : എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട്, തെരുവിൽ അലയുന്ന അശരണർക്ക് ആശ്രയമായ കപ്പാട് ദേവമാത സെന്ററിൽ അന്തേവാസികൾക്ക് ഓണദിവസം വിഭവസമൃദ്ധമായ ഓണസദ്യ നൽകി. ആശ്രമത്തിന്റെ ഡയറക്ടർ ബെന്നിയ്‌ക്കൊപ്പം വൈദികരും, സിസ്റ്റർമാരും നാട്ടുകാരും അന്തേവാസികൾക്ക് സദ്യ തയ്യാറാക്കി നൽകുവാൻ സന്തോഷത്തോടെ ഒത്തുചേർന്നിരുന്നു . 

ഇരുപതു വർഷങ്ങൾക്കു മുൻപ്, പരസ്നേഹ പ്രവർത്തികളാണ് തന്റെ ദൗത്യം എന്ന് മനസ്സിലാക്കിയ, ഏന്തയാർ സ്വദേശി ബെന്നി, കാഞ്ഞിരപ്പള്ളിയിലെത്തി കപ്പാട് തുടക്കം കുറിച്ച ദേവമാത സെന്ററിൽ ഇതിനോടകം അറുനൂറിൽ പരം അശരണരായ ആളുകൾ പലപ്പോഴായി ആശ്രയത്തിനായി എത്തിച്ചേർന്നിട്ടുണ്ട്. നിലവിൽ 52 പേർ ദേവമാതയിൽ അന്തേവാസികളായ കഴിയുന്നുണ്ട് . തനിക്ക് കുടുബവീതമായി കിട്ടിയ മൂന്നേക്കർ സ്ഥലത്ത് ബെന്നി, പൂർണമായും കിടപ്പിലായ ഒരാളെ ശുശ്രൂഷിക്കുവാൻ വളരെ ചെറിയ നിലയിൽ തുടക്കമിട്ട ദേവമാതാ സെന്റർ, കുറഞ്ഞ കാലത്തിനുള്ളിൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട്, തെരുവിൽ അലയുന്ന അശരണർക്ക് ആശ്രയസങ്കേതമായി മാറുകയായിരുന്നു. 

അൻപതാം വയസ്സിലേക്ക് കടന്ന ബെന്നി, പാവങ്ങളുടെ ശുശ്രൂഷക്കായി പൂർണമായും തന്റെ ജീവിതം ബലിയാക്കി, വിവാഹ ജീവിതം പോലും വേണ്ടെന്നു വച്ച് വിശുദ്ധ ജീവിതം നയിക്കുന്നയാളാണ് . 

സുമനസ്സുകളുടെ സഹായത്താൽ ആശ്രമത്തിന്റെ അന്നന്നത്തെ ചിലവുകൾ കഴിഞ്ഞു പോകുമ്പോഴും, നിരവധി പ്രതിബന്ധങ്ങൾ വിലങ്ങുതടിയാകാറുണ്ട്. എങ്കിലും അതെല്ലാം തരണം ചെയ്ത് ബെന്നി തന്റെ ജീവിത ദൗത്യം ഏറ്റവും മികച്ച രീതിയിൽ നിർവ്വഹിക്കുകയാണ്. റോഡരികിൽ പുഴുവരിച്ച നിലയിൽ, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന പല ജീവിതങ്ങളും ബെന്നിയുടെ കാരുണ്യത്താൽ പുതുജീവൻ നേടിയിട്ടുണ്ട് . രണ്ടു ആംബുലൻസുകൾ ഉള്ള ദേവമാതാ, റോഡപകടത്തിൽ പെടുന്നവർക്ക് എന്നും സ്വാന്തനമാകാറുണ്ട് .. 

അന്തേവാസികളുടെ ഭക്ഷണകാര്യത്തിൽ കുറവ് വരുത്താതിരിക്കുവാൻ ബെന്നി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഏതു അടിയന്തിര സാഹചര്യത്തിലും സഹായിക്കുവാൻ ഓടിയെത്താറുള്ള നാട്ടുകാരും, സുഹൃത്തുക്കളും ബെന്നിയ്ക്ക് തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ കരുത്തുനൽകുന്നു . 

മൂന്നു പ്രാവശ്യം ഹൃദയാഘാതം വന്നു അത്യാസന്നനിലയിൽ എത്തിയിട്ടുള്ള ബെന്നി, ദൈവവിശ്വാസത്തിൽ അടിയുറച്ച് , തന്റെ ജീവിതം ഹൃദയപൂർവം മുന്നോട്ട് നയിക്കുന്നു,, തന്നെ ആശ്രയിച്ചു കഴിയുന്ന ഒരുപറ്റം പാവങ്ങളുടെ കൈകളിലെ പിടിവിടാതെ തന്നെ. 

error: Content is protected !!