ബഹുഭാഷാ പണ്ഡിതനായിരുന്ന ചിറക്കടവ് കുളവട്ടം വിദ്വാൻസാർ ഓർമ്മയായിട്ട് ഇരുപത്തിയൊൻപത് വർഷങ്ങൾ

September 28, 2019 

ബഹുഭാഷാ പണ്ഡിതനായിരുന്ന ചിറക്കടവ് കുളവട്ടം വിദ്വാൻസാർ ഓർമ്മയായിട്ട് ഇരുപത്തിയൊൻപത് വർഷങ്ങൾ 

കാഞ്ഞിരപ്പള്ളി : സംസ്കൃത, മലയാള ഭാഷാ പണ്ഡിതനും, വാഗ്മിയും, കവിയും, സാഹിത്യകാരനുമായിരുന്ന ചിറക്കടവ് കുളവട്ടം വിദ്വാൻസാർ എന്നറിയപ്പെട്ടിരുന്ന വിദ്വാൻ കെ. റ്റി. തോമസ് കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് ഇരുപത്തിയൊൻപത് വർഷം പൂർത്തിയായെങ്കിലും കാഞ്ഞിരപ്പള്ളി, മണിമല പ്രദേശങ്ങളിൽ ഉള്ള മുതിർന്ന തലമുറയിൽ പെട്ട ആളുകളുടെ ഓർമ്മകളിൽ സാർ സജീവമാണ് . അദ്ദേഹത്തിന്റെ വിപുലമായ ശിഷ്യ ഗണത്തിൽ അന്തർദേശീയതലത്തിൽ ശ്രദ്ധ നേടിയവർ നിരവധിയുണ്ട് . മുൻ ൻ രാഷ്ട്രപതി കെ. ആർ. നാരായണൻ, കർദിനാൾ മാർ. ആന്റണി പടിയറ, ബിഷപ്പ് മാർ മാത്യൂ കൊച്ചുപറമ്പിൽ, മുൻ ഡി.ജി.പി. എം.കെ.ജോസഫ്, മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ,മുൻ യു.എൻ അണ്ടർ സെക്രട്ടറി തുടങ്ങിയവർ അവരിൽ ചിലരാണ്. 

അകൈതവമായ, ആർജവമുള്ള, തീവ്ര ഗുരുശിഷ്യ ബന്ധം ജീവിതാവസാനം വരെ നിലനിർത്തിയിരുന്ന, തന്റെ കുട്ടികളുടെ ജീവിതാവസ്ഥകൾ മനസ്സിലാക്കി സ്കൂൾ പഠന കാലത്തും തുടർന്നും സ്വന്ത വരുമാനം ആരും അറിയാതെ അവർക്കായി നൽകിയിരുന്ന, എല്ലാവർക്കും എപ്പോഴും പ്രോത്സാഹനമേകി വർത്തിച്ച മികവുറ്റ ഒരദ്ധ്യാപകൻ ആയിരുന്നു വിദ്വാൻ സാർ. ‘വായന ഒരു ലഹരി ആയിരുന്ന അദ്ദേഹത്തിന് പുസ്തകങ്ങളോട് അടങ്ങാത്ത പ്രണയമായിരുന്നു. വാഹന സൗകര്യങ്ങൾ തീർത്തും ഇല്ലാതിരുന്ന അക്കാലത്തു പുസ്തകം വായിച്ചുകൊണ്ടാണ് അദ്ദേഹം സഞ്ചരിച്ചിരുന്നത്. വായനയിൽ മുഴുകി ആനക്കീഴെ കയറിയ സാറെന്നും മറ്റും ചില കഥകളും പലരും പറഞ്ഞു കേട്ടിട്ടുണ്ട്. 

അബ്രാഹ്മണർക്കു സംസ്‌കൃതം നിഷിദ്ധമായിരുന്ന കാലത്തു സ്വ പരിശ്രമത്താൽ ദേവഭാഷ പഠിക്കുകയും സംസ്കൃതത്തിൻ അഗാധ പാണ്ഡിത്യം നേടുകയും ചെയ്തു. ജീവിതത്തിന്റെ വിവിധ തലങ്ങളിൽ പ്രശോഭിച്ചിരുന്ന പലരും സംശയ നിവാരണത്തിന് സാറിനെ ആണ് സമീപിച്ചിരുന്നത്. കാളിദാസാദി മഹാകവികളുടെ രചനകൾ എല്ലാം അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. ഹസ്തരേഖാ ശാസ്ത്രം, ജ്യോതിഷം,, ഭൗതിക ശാസ്ത്രം ഇവയിലെല്ലാം അഗാധമായ അവഗാഹം സാറിനുണ്ടായിരുന്നു. വിലയേറിയ, വിവിധ ഭാഷകളിലുള്ള ഒരു പുസ്തക ശേഖരത്തിനുടമയായിരുന്നു സാർ. അതിൽ ചിലതാകട്ടെ ഭക്ഷണം ഉപേക്ഷിച്ചു മേടിച്ചവയും, മറ്റുചിലത് ഇന്ന് ലഭ്യമല്ലാത്തവയും ആണ്.അനേകം കവിതകളും, ആസ്വാദന കുറിപ്പുകളും ശാസ്ത്ര നിരീക്ഷണങ്ങളും മറ്റും ബുക്കുകളിൽ കുറിച്ച് വെച്ചിരുന്ന സാർ തന്റെ അചഞ്ചലമായ ക്രിസ്തീയ വിശ്വാസത്തിന്റെ പ്രഖ്യാപനമെന്നപോലെ ‘ഈശ പ്രസാദം ‘ എന്നൊരു ഗ്രന്ഥവും രചിച്ചു. 

കന്നഡ, തെലുഗു, ബംഗാളി തുടങ്ങി ആറോളം ഭാരതീയ ഭാഷകളും ഇംഗ്ലീഷ്, ജർമൻ. ഫ്രഞ്ച്, സുറിയാനി, ലാറ്റിൻ എന്നീ വൈദേശിക ഭാഷ കളും അദ്ദേഹം പഠിച്ചു. ജീവിതാവസാനം വരെ ഒരു വിദ്യാർത്ഥി ആയിരുന്നു സാർ. മദ്രാസ് യൂണിവേഴ്സിറ്റി യിൽ ലഭിച്ച റീഡർ തസ്തിക ഉപേക്ഷിച്ചും ചങ്ങനാശേരി എസ്. ബി. കോളേജിലെ അധ്യാപക വൃത്തി സ്വീകരിക്കാതെയും ഉഴവൂർ, കാഞ്ഞിരപ്പള്ളി, ‘പഴയിടം, ചിറക്കടവ്, മണിമല സ്കൂളുകളിൽ അധ്യാപകനായി അദ്ദേഹം ജോലി ചെയ്തു. സ്വാതന്ത്ര്യ സമരകാലത്തു വൈക്കത്തു പോയി ഗാന്ധിജിയെ കാണുകയും സമരത്തിൽ പങ്കെടുക്കുകയും ചെയ്തു. പുണ്യശ്ലോകനായ ബിഷപ്പ് മാർ മാത്യൂ കാവുകാട്ടിനൊപ്പം അധ്യാപകനായി ജോലി ചെയ്യുവാനുള്ള അസുലഭ ഭാഗ്യവും ലഭിച്ചു. 

1907 ഡിസംബർ 13-ന് ഭൂജാതനായ സാർ 1990 സെപ്റ്റംബർ ഇരുപത്തെട്ടിന് ലോകത്തോട് വിടപറഞ്ഞു . ‘ഭാര്യ പാലാ വാണിയിടത്തു പരേതയായ ത്രേസ്യാക്കുട്ടി (റീടയേർഡ് ടീച്ചർ ) മക്കൾ: ഗ്രേയ്സ് (റിട്ടയേർഡ് ടീച്ചർ), മേഴ്സി (റിട്ടയേർഡ് പ്രിൻസിപ്പൽ ), തോമസു കുട്ടി- സ്റ്റേറ്റ് പ്രസിഡന്റ് കേരളാ പത്ര പ്രവർത്തക അസോസിയേഷൻ & റിപ്പോർട്ടർ മംഗളം). മരുമക്കൾ: തോമസുകുട്ടി വലക്കമറ്റം പ്ലാച്ചേരി (റിട്ടയേർഡ് ഫോറസ്റ്റർ), ഫിലിപ്പ് ചങ്കറോത്ത് എരുമേലി- ബിസ്നസ് ), ഷീലാ മണ്ണിൽ മല്ലപ്പള്ളി:

error: Content is protected !!